ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ തിരഞ്ഞെടുക്കാന്‍ വിരാട് കോലിക്ക് റോളുള്ളപ്പോള്‍ എന്തുകൊണ്ട് അതേ റോള്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് കൊടുക്കുന്നില്ലെന്ന് ഇന്ത്യയുടെ മുന്‍ താരവും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അംഗവുമായ ഡയാന എഡുല്‍ജി. കോച്ചിങ് കാലാവധി കഴിഞ്ഞ രമേശ് പൊവാറിന്റെ കരാര്‍ പുതുക്കണമെന്നാണ് ഹര്‍മന്‍പ്രീതിന്റെ ആവശ്യം. ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് ഹര്‍മന്‍പ്രീതിന്റെ വാക്കിന് വില കൊടുക്കണമെന്നും ഡനായ എഡുല്‍ജി വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രവി ശാസ്ത്രിയെ പരിശീലകനായി നിയമിച്ചതോടെ കോച്ചിങ് നിയമനവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രി തെറ്റിച്ചുവെന്നും ഡയാന ചൂണ്ടിക്കാട്ടുന്നു. വിനോദ് റായിക്ക് എഴുതിയ കത്തിലാണ് ഡയാന ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.

'പരിശീലകനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട്  താരങ്ങള്‍ ബി.സി.സി.ഐയ്ക്ക് ഇ-മെയില്‍ ചെയ്യുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. ഹര്‍മന്‍പ്രീതും മന്ദാനയും അവരുടെ അഭിപ്രായം പറയുന്നത് സത്യസന്ധമായാണ്. രവി ശാസ്ത്രിയെ കോച്ചാക്കാന്‍ ആവശ്യപ്പെട്ട് വിരാട് കോലി ഇടക്കിടെ ജോഹ്‌രിക്ക് എസ്.എം.എസ് അയച്ചതു പോലെയല്ല അത്. കത്തില്‍ ഡയാന ചൂണ്ടിക്കാട്ടുന്നു.

അന്ന് ഞാന്‍ രവി ശാത്രിയെ കോച്ചാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സമയപരിധി കഴിഞ്ഞ ശേഷമാണ് രവി ശാസ്ത്രി കോച്ചിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ശാസ്ത്രിക്ക് വേണ്ടി നേരത്തെ നിശ്ചയിച്ച സമയപിരിധി നീട്ടുകയായിരുന്നു. അതേസമയം അതുവരെ കോച്ചായിരുന്ന അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരു വില്ലനായി മാറി. വളരെ സൗമ്യമായാണ് കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. അതുകൊണ്ടുതന്നെ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എല്ലാ നിയമങ്ങളേയും കാറ്റില്‍ പറത്തിയുള്ള തീരുമാനമായിരുന്നു കുംബ്ലെയുടെ രാജിയും രവി ശാസ്ത്രിയുടെ നിയമനവും. ഡയാന വ്യക്തമാക്കുന്നു.

Virat Kohli can get his way with Ravi Shastri, why can’t Harmanpreet Kaur Diana Edulji asks COA chief