ബറോഡ: രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചുറികളുടെ എണ്ണത്തിൽ ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് നിലവിലെ ക്യാപ്റ്റൻ വിരാട് കോലിക്ക് മറികടക്കാനാകുമെന്ന്
മുൻതാരം ഇർഫാൻ പഠാൻ. 24 വർഷം നീണ്ട കരിയറിൽ സച്ചിന്റെ പേരിൽ 100 സെഞ്ചുറികളാണുള്ളത്. 12 വർഷത്തിനുള്ളിൽ കോലി നേടിയത് 70 സെഞ്ചുറികളും. 71 സെഞ്ചുറികളുള്ള മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് ഈ റെക്കോഡിൽ രണ്ടാം സ്ഥാനത്തുള്ളത്.

'സച്ചിന്റെ നൂറ് രാജ്യാന്തര സെഞ്ചുറികൾ കോലി സ്വന്തമാക്കുമെന്ന് എനിക്കുറപ്പാണ്. ഇപ്പോൾ അദ്ദേഹം അതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടാകില്ലെന്ന്എനിക്കറിയാം. പക്ഷേ സമകാലീന ക്രിക്കറ്റിൽ അതിന് കഴിയുന്ന ഒരേയൊരാൾ കോലിയാണ്. വിരമിക്കുന്നതിന് മുമ്പ് അതു നേടാനുള്ള കരുത്തും കായികക്ഷമതയും കോലിക്കുണ്ട്. 12 വർഷത്തിനുള്ളിൽ കോലിക്ക് ഇത്രയും സെഞ്ചുറി നേടാനായെങ്കിൽ തീർച്ചയായും സച്ചിന്റെ റെക്കോഡും അദ്ദേഹത്തിന് തകർക്കാനാകും.' സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് ഷോയിൽ സംസാരിക്കുകയായിരുന്നു പഠാൻ.

സമകാലീനക്രിക്കറ്റിൽ 70 രാജ്യാന്തര സെഞ്ചുറികളുള്ള ഒരേ ഒരു താരമാണ് കോലി. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം ഡേവിഡ് വാർണർക്ക് 43ഉം മൂന്നാം സ്ഥാനത്തുള്ള വിൻഡീസ് താരം ക്രിസ് ഗെയ്ലിന് 42ഉം സെഞ്ചുറികളാണ് അക്കൗണ്ടിലുള്ളത്.