ന്യൂഡല്‍ഹി: ആദ്യ ടെസ്റ്റ് വിജയിച്ചതിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ നായകന്‍ വിരാട് കോലിക്ക് പകരം മായങ്ക് അഗര്‍വാളിന് അവസരം കൊടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. 

ആദ്യ ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യയ്ക്ക് വിരാട് കോലിക്ക് വിശ്രമം അനുവദിക്കാം. പകരം മായങ്ക് അഗര്‍വാളിനെ കളിപ്പിക്കാം. വമ്പന്‍ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് കോലിയുടെ അഭാവം താങ്ങാന്‍ കഴിയുന്നതാണ്. മായങ്ക് അഗര്‍വാളിന് അവസരം നല്‍കാന്‍ തീരുമാനം സഹായിക്കുമെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിനെ കണ്ടെത്തുക എന്നതാണ് ഈ പരമ്പരയിലൂടെ ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടു തന്നെ മായങ്ക് കളിക്കുന്നതിനെ കുറിച്ചാണ് താന്‍ ആലോചിക്കുന്നത്. ഏഷ്യാ കപ്പ് പോലെ കോലി കളിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് ഈ പരമ്പര ജയിക്കാനാകുമെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

ടീമിന്റെ ഇപ്പോഴത്തെ പ്രകടനം കാണുമ്പോള്‍ മായങ്കിനെ കോലിയുടേയോ രാഹുലിന്റെയോ പകരക്കാരനായി ഇറക്കണമെന്നാണ് തോന്നുന്നതെന്നും കാര്‍ത്തിക് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ശിഖര്‍ ധവാന് പകരം മായങ്കിനെ ടെസ്റ്റ് ടീമില്‍ എത്തിച്ചത്. 

ടെസ്റ്റില്‍ മാത്രം കളിക്കുന്ന ചേതേശ്വര്‍ പൂജാര, ഇശാന്ത് ശര്‍മ എന്നിവരെ മാറ്റിനിര്‍ത്താനാകില്ല. മായങ്കിനെ ഓസ്ട്രേലിയന്‍ പര്യടനം ലക്ഷ്യമാക്കിയാണ് ഇറക്കിയിരിക്കുന്നത് എങ്കില്‍ അടുത്ത ടെസ്റ്റില്‍ അവസരം നല്‍കണമെന്നും കാര്‍ത്തിക്ക് പറഞ്ഞു.

Content Highlights: virat kohli can be rested in 2nd test mayank agarwal should play