കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കാനുള്ള മികവ് ഇന്ത്യന്‍ ടീമിനുണ്ടെന്ന് നായകന്‍ വിരാട് കോലി. ഏതു സാഹചര്യത്തിലും ടെസ്റ്റ് ജയിക്കാനുള്ള ആക്രമണനിരയും സമതുലിതമായ ടീമും ഇപ്പോള്‍ ഇന്ത്യക്കുണ്ട്. ദക്ഷിണാഫ്രിക്കയില്‍ വിമാനമിറങ്ങിയ ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ അഭിപ്രായപ്രകടനം. 

പരമ്പരയിലെ ആദ്യടെസ്റ്റിന് വെള്ളിയാഴ്ച ന്യൂലാന്‍ഡ്സില്‍ തുടക്കംകുറിക്കും. 17 അംഗ ഇന്ത്യന്‍ സംഘത്തിലെ 13 പേരും മുന്‍പ് (2013-14) ഇവിടെ കളിച്ചിട്ടുള്ളവരാണ്. അതിനാല്‍ പരിചയസമ്പത്തിന്റെ പ്രശ്നമില്ല. ടീമിലെ ഓരോരുത്തര്‍ക്കും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.

ഒരു ടീമെന്നനിലയില്‍ മത്സരം ജയിക്കാമെന്ന ആത്മവിശ്വാസവുമുണ്ട്. ടെസ്റ്റ് തുടങ്ങുംമുന്‍പുള്ള ദ്വിദിന സന്നാഹമത്സരം ടീം ഇന്ത്യ ഉപേക്ഷിച്ചതിനെ കോലി ന്യായീകരിച്ചു. സന്നാഹത്തിനുപകരം ഒരു പ്രാദേശിക ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ തീവ്രപരിശീലനം നടത്തി മത്സരത്തിനിറങ്ങാനാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്. രണ്ടുദിവസത്തെ മത്സരത്തിനിറങ്ങി സമയം കളയുന്നതില്‍ അര്‍ഥമില്ല. 

പേസും ബൗണ്‍സുമുള്ള പിച്ചില്‍ ആതിഥേയ ഫാസ്റ്റ്ബൗളര്‍മാര്‍ വെല്ലുവിളിയുയര്‍ത്തുമെന്നറിയാം. ഞങ്ങളുടെ കഴിവില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട് -ഇന്ത്യന്‍ നായകന്‍ നയം വ്യക്തമാക്കി. കോച്ച് രവിശാസ്ത്രിയും നായകന്റെ അഭിപ്രായത്തോട് യോജിച്ചു.