അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുതിയൊരു റെക്കോഡ് സ്വന്തമാക്കി. ഹോം മത്സരങ്ങളില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന റെക്കോഡാണ് കോലി നേടിയെടുത്തത്.

മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോനിയുടെ റെക്കോഡാണ് കോലി മറികടന്നത്. കോലിയുടെ കീഴില്‍ 29 ഹോം ടെസ്റ്റുകളിലാണ് ഇന്ത്യ കളിച്ചത്. അതില്‍ 22 മത്സരങ്ങളില്‍ ടീം വിജയിച്ചു. 30 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങള്‍ നേടിയ ധോനിയുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി. ധോനിയേക്കാളും കുറച്ചുമത്സരങ്ങളേ ഈ നേട്ടം മറികടക്കാന്‍ കോലി എടുത്തിട്ടുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചതിന്റെ റെക്കോഡും കോലിയുടെ പേരിലാണ്. നിലവില്‍ കോലിയുടെ കീഴില്‍ ആകെ 59 ടെസ്റ്റുകളാണ് ഇന്ത്യ കളിച്ചത്. അതില്‍ 35 ടെസ്റ്റുകളില്‍ വിജയിച്ചു. 14 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ 14 എണ്ണത്തില്‍ തോല്‍വി വഴങ്ങി. ധോനിയുടെ കീഴില്‍ 60 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ 27 എണ്ണത്തില്‍ ഇന്ത്യ വിജയിച്ചു. 21 മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സൗരവ് ഗാംഗുലിയാണ് പട്ടികയില്‍ മൂന്നാമത്. 

Content Highlights: Virat Kohli breaks MS Dhoni's record of most Test wins as Team India captain at home