Photo: twitter.com/Cricketracker
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയ അര്‍ധ സെഞ്ചുറിയോടെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ് വിരാട് കോലി.
നാട്ടില്‍ ടെസ്റ്റ് മത്സരങ്ങളില്‍ 4000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോലി ശനിയാഴ്ച സ്വന്തമാക്കിയത്. നാട്ടിലെ 50-ാം ടെസ്റ്റിലാണ് കോലി ഈ നേട്ടത്തിലെത്തിയത്.
നാട്ടില്‍ കളിച്ച 94 ടെസ്റ്റില്‍ നിന്ന് 7216 റണ്‍സ് നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍. 70 ടെസ്റ്റില്‍ നിന്ന് 5598 റണ്‍സുമായി ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡാണ് രണ്ടാം സ്ഥാനത്ത്. 65 ടെസ്റ്റില്‍ നിന്ന് 5067 റണ്‍സുമായി സുനില്‍ ഗാവസ്‌ക്കറാണ് മൂന്നാമത്. 52 ടെസ്റ്റില്‍ നിന്ന് 4656 റണ്‍സുമായി വീരേന്ദര്‍ സെവാഗ് നാലാം സ്ഥാനത്ത് നില്‍ക്കുന്നു.
നാട്ടില്‍ ഏറ്റവും വേഗത്തില്‍ 4000 ടെസ്റ്റ് റണ്‍സിലെത്തിയ രണ്ടാമത്തെ താരമെന്ന നേട്ടവും കോലിക്കാണ്. 77-ാം ഇന്നിങ്‌സിലാണ് കോലി 4000 റണ്‍സ് തികച്ചത്. 71 ഇന്നിങ്‌സുകളില്‍ നിന്ന് നാട്ടില്‍ 4000 ടെസ്റ്റ് റണ്‍സ് തികച്ച സെവാഗാണ് ഈ പട്ടികയില്‍ മുന്നില്‍. സച്ചിന്‍ (78), ഗാവസ്‌ക്കര്‍ (87), ദ്രാവിഡ് (88) എന്നിവരാണ് ഈ പട്ടികയിലെ മറ്റുള്ളവര്‍.
അതേസമയം 14 മാസങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ കോലി അര്‍ധ സെഞ്ചുറി നേടിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ 128 പന്തില്‍ നിന്ന് 59 റണ്‍സുമായി കോലി പുറത്താകാതെ നില്‍ക്കുകയാണ്.
Content Highlights: Virat Kohli becomes fifth batter to score 4000 runs in tests in India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..