ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മറ്റൊരു റെക്കോഡ് കൂടി തകര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 23,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് സച്ചിനെ മറികടന്ന് കോലി വ്യാഴാഴ്ച സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെയാണ് കോലിയുടെ നേട്ടം.

490 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ഇതിനായി സച്ചിനേക്കാള്‍ 32 ഇന്നിങ്‌സുകള്‍ കുറവേ കോലിക്ക് വേണ്ടിവന്നുള്ളൂ. ഈ നാഴികക്കല്ല് പിന്നിടുന്ന ഏഴാമത്തെ താരമാണ് കോലി. 

522 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് 544 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. കുമാര്‍ സംഗക്കാര (568), രാഹുല്‍ ദ്രാവിഡ് (576), മഹേള ജയവര്‍ധനെ (645) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ് പിന്നിട്ട മറ്റ് താരങ്ങള്‍.

Content Highlights: Virat Kohli becomes fastest to 23,000 international runs