മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ പുതിയ ആളെ തേടുന്നതിനിടെ നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്ക് പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോലി.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിക്ക് തുടരാന്‍ സാധിച്ചാല്‍ ടീമിന് അത് ഏറെ സന്തോഷമായിരിക്കുമെന്ന് കോലി പറഞ്ഞു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനു പുറപ്പെടും മുന്‍പ് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി.

ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് നേതൃത്വം നല്‍കുന്ന മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് ഉപദേശക സമിതിയിലെ മറ്റ് അംഗങ്ങള്‍. 

ഓഗസ്റ്റ് 13, 14 തീയതികളിലാണ് പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലായ് 30 ആണ്.

അതേസമയം പുതിയ പരിശീലകനു വേണ്ടി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചെങ്കിലും രവി ശാസ്ത്രി തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചന. ലോകകപ്പോടെ കലാവധി അവസാനിച്ചെങ്കിലും വിന്‍ഡീസ് പര്യടനത്തിലേക്ക് ശാസ്ത്രിക്ക് സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, അതിനുശേഷവും ശാസ്ത്രിയെ മാറ്റിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബാംഗറിനും ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിനും സ്ഥാനം നഷ്ടമാകാനാണ് സാധ്യത. ഫീല്‍ഡിങ് പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ജോണ്ടി റോഡ്‌സ് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ബൗളിങ് പരിശീലകനായി ഭരത് അരുണ്‍ തുടര്‍ന്നേക്കും.

അതേസമയം വാര്‍ത്താ സമ്മേളനത്തിനിടെ രോഹിത് ശര്‍മയുമായി അഭിപ്രായഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വിരാട് കോലി തള്ളി.

''ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ക്കത് എന്റെ മുഖത്തു കാണാന്‍ കഴിയും. ടീമിലെ അന്തരീക്ഷം സുഖകരമല്ലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാനും കണ്ടിരുന്നു. ടീമിലെ അന്തരീക്ഷം നല്ലതല്ലെങ്കില്‍ ഞങ്ങള്‍ക്കെങ്ങനെയാണ് നന്നായി കളിക്കാന്‍ സാധിക്കുക'', കോലി ചോദിച്ചു.

Content Highlights: Virat Kohli backs Ravi Shastri to remain as India head coach