മുംബൈ: 2003, 2011 ലോകകപ്പുകളില്‍ ഇന്ത്യന്‍ ബൗളിങ് നിരയിലെ കരുത്തനായ താരമായിരുന്നു പേസര്‍ സഹീര്‍ ഖാന്‍. 2003-ല്‍ ഫൈനലിലെത്തിയ ടീമില്‍ സൗരവ് ഗാംഗുലിക്കു കീഴിലും 2011 ലോകകപ്പ് വിജയിച്ച ടീമില്‍ എം.എസ് ധോനിക്കു കീഴിലുമാണ് സഹീര്‍ കളിച്ചത്.

ഇപ്പോഴിതാ നിലവിലെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും തമ്മില്‍ നിരവധി കാര്യങ്ങളില്‍ സമാനതകളുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സഹീര്‍. ഒത്തുകളി വിവാദങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിക്കുന്നതിന് കാരണക്കാരനായത് ഗാംഗുലിയായിരുന്നു.

വിദേശ പിച്ചുകളിലും ടീമിന് വിജയിക്കാനാകുമെന്ന ആത്മവിശ്വാസം നല്‍കിയത് ദാദയാണെന്ന് സഹീര്‍ പറഞ്ഞു. അഗ്രസീവായ ക്യാപ്റ്റനായിരുന്നു അദ്ദേഹം. എതിര്‍ ടീമിനുമേല്‍ ആധിപത്യം സ്ഥാപിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.

കഠിനമായ സാഹചര്യങ്ങളിലും വളരെ ശാന്തമായി ഇടപെടുന്നയാളായിരുന്നു ധോനി. എന്നാല്‍ അദ്ദേഹത്തിന്റെ സമീപനം അഗ്രസീവായിരുന്നു. അദ്ദേഹത്തിനു കീഴിലാണ് നമ്മള്‍ ലോകകപ്പ് ജയിച്ചത്. ധോനിക്കു കീഴില്‍ കളിക്കുന്നത് എപ്പോഴും ഏറെ പ്രത്യേകതയുള്ള കാര്യമാണ്.

എന്നാല്‍ വിരാട്, ദാദയെ പോലെതന്നെയാണ്. വൈകാരികമാണ് കോലിയുടെ സമീപനം. ധീരമായ തീരുമാനങ്ങളെടുക്കുകയും ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ടീമിനെ എപ്പോഴും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് കോലിയുടെ രീതി. മൈതാനത്ത് ടീമിനെ നയിക്കുന്ന രീതി അദ്ദേഹത്തിന്റെ ബാറ്റിങ്ങിലും പ്രതിഫലിക്കാറുണ്ട്. കോലി ഒരു ദിവസം ഇന്ത്യയ്ക്കായി ലോകകപ്പുയര്‍ത്തുന്നതു കാണാന്‍ സാധിക്കട്ടെയെന്നും സഹീര്‍ ആശംസിച്ചു.

Content Highlights: Virat is a lot like dada zaheer khan