ഹൈദരാബാദ്: വിനു മങ്കാദ് ട്രോഫിയില്‍ ആവേശ വിജയവുമായി കേരളം. എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ബംഗാളിനെ ഒരു വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. 120 റണ്‍സ് എന്ന ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ കേരളം 43.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിന് 71 റണ്‍സ് എന്ന നിലയിലേക്ക് വീണ കേരളത്തെ പ്രീതിഷ്-ഗൗതം മോഹന്‍ കൂട്ടുകെട്ട് രക്ഷിക്കുകയായിരുന്നു. ഇരുവരും ഏഴാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പ്രീതിഷ് 86 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ 47 പന്തില്‍ 24 റണ്‍സുമായി ഗൗതം പുറത്താകാതെ നിന്നു. ബംഗാളിനായി രവി കുമാര്‍ മൂന്നു വിക്കറ്റും ദേബോപ്രതീം ഹല്‍ദര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ബംഗാള്‍ വിജയ് വിശ്വനാഥിന്റേയും വിനയ് വര്‍ഗീസിന്റേയും ബൗളിങ്ങിന് മുന്നില്‍ തകരുകയായിരുന്നു. വിജയ് അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിനയ് മൂന്നു വിക്കറ്റ് നേടി. ഒരു വിക്കറ്റ് ഷോണ്‍ റോജര്‍ നേടി. ഇതോടെ ബംഗാള്‍ 29.1 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി. 

Content Highlights: Vinoo Mankad Trophy Kerala score one wicket win vs Bengal