ഹൈദരാബാദ്: വിനൂ മങ്കാദ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി കേരളം. ഉത്തരാഖണ്ഡിനെ ആറു വിക്കറ്റിന് കേരളം തോല്‍പ്പിച്ചു. ഇതോടെ വിലപ്പെട്ട നാല് പോയിന്റുകള്‍ കേരളത്തിന്റെ അക്കൗണ്ടിലായി. 

134 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം 39 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. കേരളത്തിനായി അഭിഷേക് നായര്‍ 37 റണ്‍സും ഷോണ്‍ റോജര്‍ 22 റണ്‍സുമെടുത്തു. വരുണ്‍ നായര്‍ 14 റണ്‍സെടുത്തപ്പോള്‍ രോഹന്‍ നായര്‍ 19 റണ്‍സടിച്ചു. പ്രീതിഷ് 16 റണ്‍സോടെയും ആസിഫ് അലി എട്ടു റണ്‍സുമായും പുറത്താകാതെ നിന്നു. 

ആദ്യം ബാറ്റു ചെയ്ത ഉത്തരാഖണ്ഡ് കേരളത്തിന്റെ ബൗളര്‍മാരുടെ മുന്നില്‍ തകരുകയായിരുന്നു. 36 റണ്‍സിനിടയില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ക്ക് പിന്നീട് തിരിച്ചുവരാനായില്ല. ഒരു ഘട്ടത്തില്‍ ഒമ്പത് വിക്കറ്റിന് 88 റണ്‍സ് എന്ന നിലയിലേക്ക് ഉത്തരാഖണ്ഡ് കൂപ്പുകുത്തി. പിന്നീട് പത്താം വിക്കറ്റില്‍ സത്യം ബാലിയാനും സുഹൈലും ചേര്‍ന്ന് നേടിയ 45 റണ്‍സിന്റെ കൂട്ടുകെട്ട്, സ്‌കോര്‍ 100 കടത്തുകയായിരുന്നു. 

29 റണ്‍സെടുത്ത സത്യം ബാലിയാന്‍ ആണ് ടോപ്പ് സ്‌കോറര്‍. സന്‍സ്‌കാര്‍ റാവത് 25 റണ്‍സെടുത്തപ്പോള്‍ സുഹൈല്‍ 19ഉം എംഡി ഹാറൂണ്‍ 18ഉം റണ്‍സെടുത്തു. മറ്റു താരങ്ങള്‍ക്കൊന്നും രണ്ടക്കം കാണാനായില്ല. കേരളത്തിനായി മോഹിത് ഷിബു, വിനയ് വര്‍ഗീസ്, പ്രീതിഷ്, ഷോണ്‍ റോജര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. വിജയ് വിശ്വനാഥും ഗൗതം മോഹനും ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ആദ്യ മത്സരത്തില്‍ ബംഗാളിനെ ഒരു വിക്കറ്റിന് കേരളം തോല്‍പ്പിച്ചിരുന്നു. 

Content Highlights: Vinoo Mankad Trophy Kerala outplay Uttarakhand