മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റെയില്‍വേസിനെതിരായ മത്സരത്തില്‍ മുംബൈയ്ക്കായി കളിക്കാതിരുന്ന ഇന്ത്യന്‍ താരങ്ങളായ ശിവം ദുബെയ്ക്കും ശ്രേയസ്സ് അയ്യര്‍ക്കുമെതിരേ മുന്‍താരങ്ങള്‍. ഇന്ത്യയുടെ മുന്‍ താരം വിനോദ് കാംബ്ലി, മുംബൈയുടെ മുന്‍ ഓപ്പണര്‍ ശിശിര്‍ ഹറ്റന്‍ഗടി എന്നിവര്‍ ഇരുവര്‍ക്കുമെതിരേ പരസ്യമായി രംഗത്ത് വന്നു. 

മത്സരത്തില്‍ മുംബൈ റെയില്‍വേസിനോട് പത്ത് വിക്കറ്റിന് തോറ്റിരുന്നു. ടീമിനൊപ്പമുണ്ടായിരുന്നു ഇരുവരും ആദ്യ ഇലവനില്‍ കളിച്ചില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ് ഇരുവരും. എന്നാല്‍, മത്സരം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം നടക്കേണ്ടിയിരുന്ന മത്സരത്തിന്റെ പേര് പറഞ്ഞ് ഇരുവരും കളിക്കാതിരുന്നത് നിരാശപ്പെടുത്തിയെന്ന് കാംബ്ലി ട്വിറ്ററില്‍ കുറിച്ചു. 
എന്താണ് ഇരുവരും കളിക്കാത്തത് ?. അവര്‍ വിശ്രമം ആവശ്യപ്പെട്ടോ എന്നാണ് ശിശിറിന്റെ ചോദ്യം.

അതേസമയം സംഭവം അസോസിയേഷന്‍ ചര്‍ച്ച ചെയ്യുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു പ്രതിനിധി പറഞ്ഞു.

' സംഭവം ദൗര്‍ഭാഗ്യകരമാണ്. കളിക്കരുതെന്ന് ബി.സി.സി.ഐ. ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. എന്നാല്‍, പരിശോധിച്ചപ്പോള്‍ സെലക്ടര്‍മാരോ ഫിസിയോയോ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ബോധ്യമായി. അസോസിയേഷന്റെ അടുത്ത യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും- പ്രതിനിധി പറഞ്ഞു.

Content Highlights: Vinod Kambli questions Mumbai selection after loss to Railways