ചെന്നൈ: 2019 ഏകദിന ലോകകപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് നേരിട്ട പ്രധാന പ്രശ്‌നമായിരുന്നു ഒരു നാലാം നമ്പര്‍ ബാറ്റ്‌സ്മാന്റെ അഭാവം. ടൂര്‍ണമെന്റിനിടെ ശിഖര്‍ ധവാന് പരിക്കേറ്റതോടെ ടീം ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് പ്രശ്‌നത്തിലായി.

ഈ നാലാം നമ്പറിലേക്ക് അന്ന് കണ്ടെത്തിയ താരമായിരുന്നു വിജയ് ശങ്കര്‍. ലോകകപ്പ് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അമ്പാട്ടി റായുഡുവിനെ മറികടന്നായിരുന്നു അന്ന് സെലക്ടര്‍മാര്‍ വിജയ് ശങ്കറെ ടീമിലെടുത്തത്. 

ഇത് വിവാദമായതോടെ വിജയ് ശങ്കറെ 'ത്രീഡി' താരമെന്ന് വിശേഷിപ്പിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന എം.എസ്.കെ പ്രസാദ് രംഗത്തെത്തിയിരുന്നു. 

ഇതിനു പിന്നാലെ പ്രസാദിന്റെ പ്രയോഗത്തെ കളിയാക്കിയുള്ള റായുഡുവിന്റെ ട്വീറ്റും വിവാദമായി. ലോകകപ്പ് കാണാന്‍ താനൊരു 'ത്രീഡി കണ്ണട'യ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു റായുഡുവിന്റെ ട്വീറ്റ്. 

ഇതിനു പിന്നാലെ വിജയ ശങ്കര്‍ മോശം പ്രകടനം നടത്തുമ്പോഴെല്ലാം ഈ ത്രീഡി പ്രയോഗം മുന്‍നിര്‍ത്തി ട്രോളുകള്‍ വരുന്നത് പതിവായി. 

ഇപ്പോഴിതാ അന്നത്തെ ത്രീഡി വിവാദത്തെ കുറിച്ച് മനസ് തുറക്കുകയാണ് വിജയ് ശങ്കര്‍. ന്യൂസ് 18-ന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വിജയ് ശങ്കറിന്റെ പ്രതികരണം. 

ത്രീഡി ട്വീറ്റിന്റെ പ്രില്‍ റായുഡുവിനോട് യാതൊരു വിരോധവുമില്ലെന്ന് ശങ്കര്‍ പറഞ്ഞു. ''ഞങ്ങള്‍ കാണുമ്പോഴെല്ലാം നന്നായി സംസാരിക്കാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹത്തിന്റെ (ത്രീഡി) ട്വീറ്റ് വൈറലായി എന്നേയുള്ളൂ. അതിന്റെ പേരില്‍ എനിക്ക് അദ്ദേഹത്തോടു യാതൊരു വിരോധവുമില്ല. അടുത്തിടെ ഡല്‍ഹിയില്‍ വെച്ച് കണ്ടപ്പോള്‍ പോലും ഞങ്ങള്‍ നന്നായി സംസാരിച്ചതാണ്.'' - വിജയ് ശങ്കര്‍ പറഞ്ഞു. 

അതേസമയം പ്രസാദിന്റെ ത്രീഡി പ്രയോഗവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല. അവര്‍ വെറുതെ തന്ന ഒരു വിശേഷണം അങ്ങ് വൈറലാകുകയായിരുന്നു. പക്ഷേ അതിന് ശേഷം ഞാന്‍ ഇന്ത്യയ്ക്കായി ലോകകപ്പില്‍ മൂന്നു മത്സരം കളിച്ചു. ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഞാന്‍ മോശമായി ഒന്നും ചെയ്തിട്ടില്ല.'' - ശങ്കര്‍ വ്യക്തമാക്കി.

Content Highlights: Vijay Shankar says he holds no grudge against Ambati Rayudu on 3d tweet