ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു...

കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. 193 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 

104 പന്തുകള്‍ നേരിട്ട ഉത്തപ്പ അഞ്ചു സിക്‌സും എട്ട് ഫോറുമടക്കം 100 റണ്‍സെടുത്തു. 107 പന്തുകള്‍ നേരിട്ട വിഷ്ണു നാലു സിക്‌സും അഞ്ചു ഫോറുമടക്കം 107 റണ്‍സ് സ്വന്തമാക്കി.

പിന്നാലെ സഞ്ജു സാംസന്റെ വെടിക്കെട്ട് കൂടിയായതോടെ കേരളത്തിന്റെ സ്‌കോര്‍ കുതിച്ചു. വെറും 29 പന്തില്‍ നിന്ന് നാലു സിക്‌സും ആറു ഫോറുമടക്കം 61 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 

തുടര്‍ന്ന് 34 പന്തില്‍ നിന്ന് 46 റണ്‍സോടെ പുറത്താകാതെ നിന്ന വത്സല്‍ ഗോവിന്ദാണ് കേരളത്തെ 350 കടത്തിയത്. 

സച്ചിന്‍ ബേബി (1), മുഹമ്മദ് അസ്ഹറുദ്ദീന്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. റോജിത്താണ് (4) പുറത്തായ മറ്റൊരു താരം.

Content Highlights: Vijay Hazare Trophy 2020-21 Kerala vs Railways Round