ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരായ മത്സരത്തില്‍ കേരളത്തിന് ജയം. ഏഴു റണ്‍സിനായിരുന്നു കേരളത്തിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഉയര്‍ത്തിയ 352 വിജയലക്ഷ്യം പിന്തുടര്‍ന്ന റെയില്‍വേസ് 49.4 ഓവറില്‍ 344 റണ്‍സിന് ഓള്‍ഔട്ടായി.

അവസാന ഓവറിലെ രണ്ടു വിക്കറ്റടക്കം മൂന്ന് പേരെ പുറത്താക്കിയ എം.ഡി നിധീഷാണ് കേരളത്തിന് ജയമൊരുക്കിയത്. 

വാലറ്റക്കാരെ കൂട്ടുപിടിച്ച് അവസാന നിമിഷം 32 പന്തില്‍ രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 58 റണ്‍സെടുത്ത ഹര്‍ഷ് ത്യാഗിയാണ് കേരളത്തെ വെള്ളം കുടിപ്പിച്ചത്. 

352 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ റെയില്‍വേസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 20 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് പ്രതാം സിങ് (2), ശിവം ചൗധരി (11) എന്നിവരെ നഷ്ടമായി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മൃണാള്‍ ദേവ്ധര്‍ (79) - അരിന്ദം ഗോഷ് (64) സഖ്യം 117 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് അഞ്ചിന് 177 റണ്‍സിലേക്ക് വീണ റെയിവേസിനായി സൗരഭ് സിങ് അര്‍ധ സെഞ്ചുറിയുമായി (50) തിളങ്ങി. 

പിന്നീടായിരുന്നു വാലറ്റത്തെ കൂട്ടുപിടിച്ച് ഹര്‍ഷ് ത്യാഗിയുടെ വെടിക്കെട്ട്. അവസാന നിമിഷം 10 പന്തില്‍ നിന്ന് 23 റണ്‍സടിച്ച അമിത് മിശ്രയും റെയില്‍വേസിനായി തിളങ്ങി. 

കേരളത്തിനായി ശ്രീശാന്ത്, ബേസില്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരുടെ സെഞ്ചുറി മികവിലാണ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തത്. 

കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്. 193 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. 

104 പന്തുകള്‍ നേരിട്ട ഉത്തപ്പ അഞ്ചു സിക്സും എട്ട് ഫോറുമടക്കം 100 റണ്‍സെടുത്തു. 107 പന്തുകള്‍ നേരിട്ട വിഷ്ണു നാലു സിക്സും അഞ്ചു ഫോറുമടക്കം 107 റണ്‍സ് സ്വന്തമാക്കി.

പിന്നാലെ സഞ്ജു സാംസന്റെ വെടിക്കെട്ട് കൂടിയായതോടെ കേരളത്തിന്റെ സ്‌കോര്‍ കുതിച്ചു. വെറും 29 പന്തില്‍ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 61 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. 

തുടര്‍ന്ന് 34 പന്തില്‍ നിന്ന് 46 റണ്‍സോടെ പുറത്താകാതെ നിന്ന വത്സല്‍ ഗോവിന്ദാണ് കേരളത്തെ 350 കടത്തിയത്. 

സച്ചിന്‍ ബേബി (1), മുഹമ്മദ് അസ്ഹറുദ്ദീന്‍ (5) എന്നിവര്‍ നിരാശപ്പെടുത്തി. റോജിത്താണ് (4) പുറത്തായ മറ്റൊരു താരം.

Content Highlights: Vijay Hazare Trophy 2020-21 Kerala beat Railways in Round 3