ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരേ ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി കേരളം. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബിഹാര്‍ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം വെറും 53 പന്തുകള്‍ക്കുള്ളില്‍ കേരളം മറികടന്നു.

32 പന്തില്‍ 10 സിക്‌സും നാലു ഫോറുമടക്കം 87 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. 

ഓപ്പണര്‍ വിഷ്ണു വിനോദ് വെറും 12 പന്തില്‍ നാലു സിക്‌സും രണ്ടു ഫോറുമടക്കം 37 റണ്‍സെടുത്ത് പുറത്തായി. വിഷ്ണു പുറത്തായതിന് പിന്നാലെയെത്തിയ സഞ്ജു സാംസണ്‍ ഒമ്പത് പന്തില്‍ നിന്ന് 24 റണ്‍സോടെ പുറത്താകാതെ നിന്നു. 

നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം, ബിഹാറിനെ 148 റണ്‍സില്‍ എറിഞ്ഞിട്ടത്. ഒമ്പത് ഓവറില്‍ രണ്ട് മെയ്ഡനടക്കം 30 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്തിന്റെ നാല് വിക്കറ്റ് പ്രകടനം. ജലജ് സക്‌സേന മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിധീഷ് രണ്ടു വിക്കറ്റെടുത്തു. 

89 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത ബാബുല്‍ കുമാറിന് മാത്രമാണ് കേരള ബൗളിങ്ങിനു മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

ജയത്തോടെ ഗ്രൂപ്പ് സിയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 16 പോയന്റോടെ കേരളമാണ് ഒന്നാം സ്ഥാനത്ത്.

Content Highlights: vijay Hazare Trophy 2020-21 Kerala beat Bihar Round 5 Elite Group C