കോഴിക്കോട്: ഒറ്റ സ്റ്റമ്പുകൊണ്ട് അമ്പരപ്പിക്കുന്ന രീതിയില്‍ ബാറ്റുചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ കുഞ്ഞുപ്രതിഭയെ ഒപ്പം ചേര്‍ത്തുനിര്‍ത്താന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ രാജസ്ഥാന്‍ റോയല്‍സ്. തൃശ്ശൂരിലെ ഒമ്പതുവയസ്സുകാരന്‍ വിഘ്നജ് പ്രജിത്തിനാണ് ക്രിക്കറ്റിലെ വമ്പന്‍ ടീം പരിശീലനം അടക്കമുള്ള സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തത്.

ഒറ്റ സ്റ്റമ്പുമായുള്ള വിഘ്നജിന്റെ ബാറ്റിങ് കണ്ട് ആകൃഷ്ടനായ റോയല്‍സ് മാനേജര്‍ റോമി ബിന്ദറാണ് ഭാവികാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള ക്ലബ്ബിന്റെ താത്പര്യം അറിയിച്ചത്. കഴിഞ്ഞദിവസം വിഘ്നജിന്റെ അച്ഛന്‍ പ്രജിത്തുമായി റോമി ഇക്കാര്യം സംസാരിച്ചു. പരിശീലനമടക്കമുള്ളവ ഏറ്റെടുക്കാമെന്ന് ക്ലബ്ബ് അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ വഴിയാണ് താന്‍ കളിയുടെ വീഡിയോ കണ്ടതെന്നും റോമി വ്യക്തമാക്കി.

Video: സോഷ്യല്‍ മീഡിയയില്‍ വൈറലായ കുട്ടിക്രിക്കറ്ററെ തേടി രാജസ്ഥാന്‍ റോയല്‍സ്

തൃശ്ശൂരില്‍ താമസിക്കുന്ന ഫ്‌ളാറ്റിനു മുകളിലെ താത്കാലിക നൈറ്റ്സിലെ ഒറ്റ സ്റ്റമ്പ് പരിശീലനമാണ് വൈറലായത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തെടുത്ത വീഡിയോ രണ്ടുദിവസം മുമ്പ് ഒരു ക്രിക്കറ്റ് പേജില്‍ വന്നതോടെ 53 ലക്ഷം പേര്‍ കണ്ടു. പല ഗ്രൂപ്പുകളിലും വീഡിയോ ചര്‍ച്ചയായി. ക്രിക്കറ്റ് രംഗത്തെ പ്രമുഖര്‍ കുഞ്ഞുതാരത്തെ അഭിനന്ദനം കൊണ്ട് മൂടി. കഴിഞ്ഞദിവസം ഓസ്ട്രേലിയന്‍ ക്ലബ്ബ് സിഡ്നി സിക്‌സേഴ്സ് പരിശീലകന്‍ ഗ്രെഗ് ഷിപ്പേര്‍ഡും സാമൂഹിക മാധ്യമത്തിലൂടെ വിഘ്നജിനെ അഭിനന്ദിച്ചു.

നിലവില്‍ തൃശ്ശൂര്‍ ലൂങ്സ് ക്രിക്കറ്റ് അക്കാദമിയില്‍ സതീഷ് പിള്ള, ഗിരി പ്രസാദ് എന്നിവര്‍ക്കുകീഴിലാണ് പരിശീലനം. ദിവസം അഞ്ച് മണിക്കൂറോളം ക്രിക്കറ്റ് പരിശീലിക്കുന്നു. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ കടുത്ത ആരാധകനായ വിഘ്നജ് തൃശ്ശൂരിലെ ടോപ് കണ്‍സ്ട്രക്ഷന്‍ കമ്പനി ജനറല്‍ മാനേജര്‍ പ്രജിത്തിന്റെയും അഡ്വ. കെ. വിദ്യയുടെയും മകനാണ്.

Content Highlights: Vignaj went viral Rajasthan Royals has interest to train him