മുംബൈ: ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ കിരീടം ചൂടി ഇന്ത്യയില്‍ തിരിച്ചെത്തിയ ടീമിന് ഗംഭീര സ്വീകരണം. മുംബൈ വിമാനത്താവളത്തില്‍ ആരാധകക്കൂട്ടം വന്‍സ്വീകരണമാണ് ഇന്ത്യയുടെ കൗമാരപ്പടയ്ക്ക ഒരുക്കിയത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളും ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ടീമിനെ വരവേല്‍ക്കാനെത്തിയിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം 3.30-ഓടെയാണ് ടീം വിമാനമിറങ്ങിയത്. 

ഇന്ത്യന്‍ ടീമിന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും ഒരു കളിക്കാരനെന്ന നിലയില്‍ ലോകകപ്പ് നേടാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്നും സ്വീകരണത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച ഇന്ത്യ ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണ് കുതിച്ചത്. മൂന്നില്‍ കൂടുതല്‍ തവണ കൗമാര ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന റെക്കോഡും ഇന്ത്യ നേടിയിരുന്നു. 

Content Highlights: Victorious India U-19 team arrives to heroes welcome