ഗോവ:വി.സി.എ.കെ വെറ്റെറന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിച്ച വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുന്‍ ക്രിക്കറ്റ് താരം ജെ.കെ.മഹേന്ദ്രയുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ടൈഗേഴ്‌സ് കിരീടം നേടി. 

ഫൈനലില്‍ മലബാര്‍ വാരിയേഴ്‌സിനെ കീഴടക്കിയാണ് മലബാര്‍ ടൈഗേഴ്‌സ് കിരീടം ചൂടിയത്. ഇത് രണ്ടാം തവണയാണ് ടൈഗേഴ്‌സ് കിരീടത്തില്‍ മുത്തമിടുന്നത്. 2017-ല്‍ നടന്ന ടൂര്‍ണമെന്റിലും ടൈഗേഴ്‌സ് കിരീടം നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫൈനലിലെത്തിയ ടൈഗേഴ്‌സ് മലബാര്‍ വാരിയേഴ്‌സിനോട് പരാജയമേറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ടൈഗേഴ്‌സിന്റെ വിജയത്തിന് ഇരട്ടി മധുരമുണ്ട്.

malabar warriors
റണ്ണേഴ്സ് അപ്പായ മലബാർ വാരിയേഴ്സ്

ഗോവയില്‍ വെച്ചാണ് മത്സരങ്ങള്‍ നടന്നത്. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മലബാര്‍ ടൈഗേഴ്‌സ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് 160 റണ്‍സാണ് നിശ്ചിത ഓവറില്‍ നേടിയത്. 161 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വാരിയേഴ്‌സിന് 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ 23 റണ്‍സിന്റെ വിജയം ടീം സ്വന്തമാക്കി. ടൈഗേഴ്‌സിന്റെ നായകന്‍ വിനന്‍ ജി നായര്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു.

vinan nair
മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവുമായി വിനൻ ജി നായർ

കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കിരീടം ഇത്തവണ ടീം സ്വന്തമാക്കിയതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് ക്ലബ് ഉടമ ജെ.കെ.മഹേന്ദ്ര പറഞ്ഞു.


ടൂര്‍ണമെന്റിന്റെ ചരിത്രം

1996-ല്‍ മുന്‍ ക്രിക്കറ്റ് താരം ജെ.കെ.മഹേന്ദ്രയാണ് ഈയൊരു ആശയം കൊണ്ടുവന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ആശയം ഉടലെടുക്കുന്നത്. ഫസ്റ്റ് ക്ലാസില്‍ നിന്നും വിരമിച്ച ക്രിക്കറ്റ് താരങ്ങളെ വീണ്ടും കളിക്കളത്തിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം.

അതിന്റെ ഭാഗമായി കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് ജെ.കെ.മഹേന്ദ്ര രൂപം നല്‍കി. ആ വര്‍ഷം തന്നെ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു ഇന്റര്‍ സ്‌റ്റേറ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. വിരമിച്ച പല ക്രിക്കറ്റ് താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ടി.ശ്രീനിവാസന്‍, ഭരത് റെഡ്ഡി, ശേഖര്‍, വിശ്വനാഥ് കിര്‍മാനി തുടങ്ങിയ പ്രമുഖ താരങ്ങള്‍ കേരള, തമിഴ്‌നാട്, കര്‍ണാടക, ഹൈദരാബാദ് എന്നീ നാല് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിച്ചു. 

JK Mahendra
ജെ.കെ.മഹേന്ദ്ര

അടുത്ത വര്‍ഷം പോണ്ടിച്ചേരിയില്‍ വെച്ചുനടന്ന ടൂര്‍ണമെന്റില്‍ അഞ്ചുടീമുകള്‍ കളിച്ചു. കൊച്ചിയില്‍ വെച്ചുനടന്ന മത്സരങ്ങളില്‍ അസ്ഹറുദ്ദീന്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തു. പിന്നീട് ഡല്‍ഹിയില്‍ വെച്ച് ദേശീയ മത്സരത്തില്‍ കളിച്ചു. ആ സമയത്ത് ബോര്‍ഡ് ഓഫ് വെറ്ററന്‍സ് ക്രിക്കറ്റ് ഇന്ത്യ എന്ന സമിതി രൂപം കൊണ്ടു. ചേതന്‍ ചൗഹാനായിരുന്നു പ്രസിഡന്റ്. ജെ.കെ.മഹേന്ദ്ര സീനിയര്‍ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു. അതിന്റെ ഭാഗമായി ദേശീയ മത്സരങ്ങള്‍ ഡല്‍ഹിയില്‍ വെച്ച് നടന്നു.

പിന്നീട് ജെ.കെ.മഹേന്ദ്രയുടെ നേതൃത്വത്തില്‍ വെറ്ററന്‍സ് ഇന്ത്യ-പാകിസ്താന്‍ മത്സരം കോഴിക്കോട്ടുവെച്ച് നടത്തി. ഇത് വെറ്ററന്‍സ് ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതി. അതിനുശേഷം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ ഡേ ആന്‍ഡ് നൈറ്റ് മത്സരം കൊച്ചിയില്‍ വെച്ച് സംഘടിപ്പിച്ചു. 

പിന്നീടാണ് വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് കേരളത്തില്‍ ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് കേരള എന്ന സംഘടന രൂപമെടുത്തു. അതിനുശേഷമാണ് വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നത്. കൊച്ചിയില്‍ വെച്ചാണ് ആദ്യ സീസണ്‍ കൊച്ചിയില്‍ വെച്ച് നടന്നു. രണ്ടാം എഡിഷന്‍ തൊടുപുഴയില്‍ വെച്ചാണ് നടന്നത്.

പിന്നീട് കൊച്ചി, ആലപ്പുഴ എന്നവിടങ്ങളില്‍ നടന്നു. അഞ്ചാം എഡിഷന്‍ ദുബായില്‍ വെച്ചാണ് നടന്നത്. ഫസ്റ്റ് ക്ലാസില്‍ നിന്നും വിരമിച്ചവരും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായി ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമേ വെറ്ററന്‍സ് പ്രീമിയര്‍ ലീഗില്‍ കളിക്കാനാകൂ. 

ആകെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹായത്തോടെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ആറുടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ആബ്‌സല്യൂട്ട് സോബേഴ്‌സ്, മലബാര്‍ ടൈഗേഴ്‌സ്, കൊച്ചി റോയല്‍സ്, കൊച്ചി ടസ്‌കേഴ്‌സ്, മലബാര്‍ വാരിയേഴ്‌സ്, ആലപ്പി പാന്തേഴ്‌സ് എന്നീ ടീമുകളിലാണ് താരങ്ങള്‍ കളിക്കുക. 

Content Highlights: Veterans Premier League 2021, Malabar Tigers, J.K.Mahendra