വെങ്കടേഷ് പ്രസാദ്. ഫോട്ടോ: അഖിൽ ഇ.എസ് | മാതൃഭൂമി
ന്യൂഡല്‍ഹി: 2023 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ്. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് റിസര്‍വ് ഡേ നല്‍കിയതിനെത്തുടര്‍ന്നാണ് പ്രസാദ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഞായറാഴ്ച നടക്കുന്ന മത്സരത്തിനാണ് റിസര്‍വ് ഡേ നല്‍കിയിരിക്കുന്നത്. മഴ പ്രതികൂല സാഹചര്യം തീര്‍ക്കുന്ന ശ്രീലങ്കയിലെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരം മഴമൂലം മുടങ്ങിയാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം നടക്കും. ഈ തീരുമാനം നാണക്കേടാണെന്ന് പ്രസാദ് വ്യക്തമാക്കി. എക്‌സിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.
'നാണക്കേടാണിത്. രണ്ട് ടീമുകള്‍ക്ക് മാത്രമായി പ്രത്യേക നിയമമുണ്ടാക്കുന്നത് ശരിയായ പ്രവൃത്തിയല്ല. ആദ്യ ദിവസം മഴ പെയ്ത് മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റണം. എന്നിട്ട് അന്നും മഴ പെയ്ത് ഈ പദ്ധതി പൂര്‍ണമായും ഇല്ലാതാകണം. എന്നാല്‍ മാത്രമേ നീതി നടപ്പിലാകൂ', പ്രസാദ് വിമർശിച്ചു. താരത്തെ അനുകൂലിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
സൂപ്പര്‍ ഫോറില്‍ മറ്റ് മത്സരങ്ങള്‍ക്കൊന്നും തന്നെ റിസര്‍വ് ദിനം ഇല്ല. ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ മാത്രമാണ് ഇത് പ്രാവര്‍ത്തികമാക്കുന്നത്. ഇത് അസമത്വമാണെന്നും പ്രസാദ് തുറന്നടിച്ചു. മറ്റ് ടീമുകള്‍ക്കൊന്നുമില്ലാത്ത എന്ത് പ്രത്യേകതയാണ് ഇന്ത്യയ്ക്കും പാകിസ്താനുമുള്ളതെന്നാണ് ആരാധകരില്‍ പലരുടെയും ചോദ്യം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു.
Content Highlights: Venkatesh Prasad's Scathing Attack On Jay Shah-led ACC
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..