Image: Screengrab
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടിയപ്പോഴെല്ലാം മറക്കാനാകാത്ത ഒട്ടേറെ ഓര്‍മകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ 1996 ലോകകപ്പിനിടയിലെ വെങ്കടേഷ് പ്രസാദ് - ആമിര്‍ സൊഹൈല്‍ പോരാട്ടം തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു. ഇന്ത്യയ്ക്കെതിരേ വിജയത്തിലേക്കെന്നു തോന്നിച്ച പാക് ഇന്നിങ്സിന് അതിന്റെ ലക്ഷ്യബോധം നഷ്ടപ്പെട്ടത് ആ സംഭവത്തോടെയായിരുന്നു.
തന്നെ വാക്കുകള്‍ കൊണ്ട് നേരിട്ട സൊഹൈലിനെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി പ്രസാദ് നല്കിയ യാത്രയയപ്പ് ഇന്നും ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെയാണ് കാണുന്നത്.
ഇപ്പോഴിതാ അന്ന് ആ ഓവറിനിടെ സൊഹൈല്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചും അന്നത്തെ മത്സര സാഹചര്യത്തെ കുറിച്ചും കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് വെങ്കടേഷ് പ്രസാദ്. ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനുമൊത്തുള്ള ഒരു യൂട്യൂബ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രസാദ്.
''ശരിക്കും ഒരു അടികിട്ടിയതു പോലെയായിരുന്നു എനിക്കത്. അദ്ദേഹം (ആമിര്‍ സൊഹൈല്‍) കയറിവന്ന് പോയന്റ് - എക്സ്ട്രാ കവര്‍ ഏരിയയിലൂടെ പന്ത് ബൗണ്ടറികടത്തി. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. കടുത്ത സമ്മര്‍ദം നിറഞ്ഞ മത്സരമായിരുന്നു അത്. സ്റ്റേഡിയത്തില്‍ 35,000-ഓളം കാണികളുണ്ടായിരുന്നു. ആ സംഭവം നടക്കുന്നതിനു മുമ്പ് ഞാന്‍ ബൗണ്ടറി ലൈനിനടുത്താണ് ഫീല്‍ഡ് ചെയ്തിരുന്നത്. അവര്‍ (പാകിസ്താന്) ഞങ്ങള്‍ക്കെതിരേ അടിച്ചുകളിക്കുകയായിരുന്നു. 45 ഓവറിനുള്ളില്‍ തന്നെ ഈ മത്സരം തീരുമെന്നാണ് ആ സമയം തോന്നിയത്. ഫൈന്‍ ലെഗില്‍ നില്‍ക്കെ ഞാന്‍ കാണികളെ നോക്കുന്നുണ്ടായിരുന്നു. അവര്‍ക്കും ഇത് വിശ്വസിക്കാനായിരുന്നില്ല. സാഹചര്യം അങ്ങനെയായിരുന്നു. അദ്ദേഹം (ആമിര്‍ സൊഹൈല്‍) കയറിവന്ന് എന്നെ ബൗണ്ടറിയടിച്ചു. തുടര്‍ന്ന് പന്തടിച്ച ഭാഗത്തേക്ക് വിരല്‍ ചൂണ്ടി. ഞാന്‍ എന്റെ ഫോളോത്രൂ പൂര്‍ത്തിയാക്കിയപ്പോള്‍ ഞങ്ങള്‍ ഇരുവരും തൊട്ടടുത്തെത്തിയിരുന്നു. നിന്റെ അടുത്ത പന്ത് ഞാന്‍ അങ്ങോട്ടടിക്കുമെന്ന് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഞാനത് കേട്ടുനിന്നു. എന്തോ തിരിച്ച് പറഞ്ഞ് ഞാനും തിരികെ പോന്നു.'' - പ്രസാദ് പറഞ്ഞു.
''(ജവഗല്‍) ശ്രീനാഥിനെ അത്ര വേഗത്തില്‍ പന്തെറിയുന്നയാളല്ല ഞാന്‍. എന്നാല്‍ ഒരു ബാറ്റ്സ്മാന് എനിക്കെതിരേ ആധിപത്യം പുലര്‍ത്തുന്നതും ഇഷ്ടമല്ല. ഇനി ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ അത് ആരായാലും ഞാന്‍ തിരിച്ചുകൊടുത്തിരിക്കും. അതേസമയം തന്നെ ദേഷ്യം നിയന്ത്രിച്ച് മത്സരത്തിന്റെ ഭാഗമാകുകയും വേണം. നന്നായി ആലോചിച്ച് മികച്ച പദ്ധതി തയ്യാറാക്കാനും അത് നടപ്പിലാക്കാനും സാധിക്കണം. അന്ന് ആ പ്രകോപനത്തിനു ശേഷം എന്റെ മനസിലൂടെ നിരവധി കാര്യങ്ങളാണ് കടന്നുപോയത്. അന്ന് തിരികെ നടക്കുമ്പോള്‍ ഞാനൊരു കാര്യം തീരുമാനിച്ചിരുന്നു. ഇതിനു വേണ്ടിയാണ് ജീവിതത്തില്‍ ഇത്രയും കാലം ഞാന്‍ പരിശീലിച്ചത്. ബാറ്റ്സ്മാന് ഇടം കൊടുക്കാതെ സ്റ്റമ്പിനു നേരെ പന്തെറിയുക. കഴിഞ്ഞ പന്തിലെന്താണ് സംഭവിച്ചതെന്നോ അടുത്ത പന്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോ ഒന്നും ചിന്തിക്കാതെ ഞാന്‍ പന്തെറിഞ്ഞു.'' - പ്രസാദ് വ്യക്തമാക്കി.

പ്രസാദിന്റെ പ്രതികാരം
1996 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടിന് 287 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സയീദ് അന്‍വറും ആമിര്‍ സൊഹൈലും ചേര്‍ന്ന് പാകിസ്താന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. യാതൊരു ദയയുമില്ലാതെ അവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുതകര്‍ത്തു. ഇതിനിടെ അന്‍വറിനെ പുറത്താക്കി ശ്രീനാഥ് ഇന്ത്യ മോഹിച്ച ബ്രേക്ക് ത്രൂ നല്കി.
എങ്കിലും ആ വിക്കറ്റ് പാകിസ്താനെ തളര്‍ത്തിയില്ല. ഇതിനിടെ പ്രസാദ് എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാ പന്ത് സൊഹൈല്‍ ക്രീസിന് വെളിയിലിറങ്ങി ബൗണ്ടറി കടത്തി. പിന്നാലെ പന്ത് പോയ വഴി പ്രസാദിനെ ചൂണ്ടിക്കാണിച്ച് അടുത്ത പന്തും അവിടേക്ക് തന്നെ അടിക്കുമെന്ന ആംഗ്യവും കാട്ടി. എന്നാല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ഇന്ത്യന്‍ തിരമാലകളെ സാക്ഷിയാക്കി ആറാം പന്തില്‍ പ്രസാദ് സൊഹൈലിന്റെ ഓഫ് സ്റ്റമ്പ് കടപുഴക്കി. സൊഹൈലിനോട് കേറിപ്പോകാന്‍ ആംഗ്യം കാണിച്ചായിരുന്നു പ്രസാദിന്റെ ആഘോഷം.
അതോടെ പാകിസ്താന് മത്സരത്തിലെ താളം തന്നെ നഷ്ടപ്പെട്ടു. ഒന്നിന് 113 റണ്‍സെന്ന നിലയില്‍ നിന്ന് രണ്ടിന് 113 റണ്‍സ് എന്ന നിലയിലേക്ക് പതിച്ച പാകിസ്താന് 49 ഓവറില്‍ നേടാനായത് 248 റണ്‍സ് മാത്രം. ഇന്ത്യ 39 റണ്‍സിന് മത്സരം സ്വന്തമാക്കി.
Content Highlights: Venkatesh Prasad reveals new details regarding sledging incident with Aamer Sohail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..