ന്യൂഡല്‍ഹി: ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് പുറത്ത്. 

യോ യോ ടെസ്റ്റിന്റെ ഭാഗമായുള്ള രണ്ടു കിലോമീറ്റര്‍ ദൂരം രണ്ടു തവണയെങ്കിലും ഓടി പൂര്‍ത്തിയാക്കമെന്ന പരീക്ഷ വരുണിന് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഫിറ്റ്‌നസ് ടെസ്റ്റില്‍ താരം പരാജയപ്പെട്ടു.

നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും തോളിലെ പരിക്ക് കാരണം വരുണ്‍ പുറത്തായിരുന്നു. ഈ പരിക്കില്‍ നിന്ന് മോചിതനായതോടെയാണ് ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തത്. 

അതേസമയം തോളെല്ലിന് പരിക്കേറ്റ പേസര്‍ ടി. നടരാജന്റെ കാര്യവും സംശയത്തിലാണ്. ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സ്റ്റാഫ് നടരാജനെ പരിശോധിക്കുന്നുണ്ട്. പരമ്പരയുടെ തുടക്കത്തില്‍ ഇല്ലെങ്കിലും അവസാനത്തേക്കെങ്കിലും താരത്തിന് ഫിറ്റ്‌നസ് കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം വരുണ്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനു പിന്നാലെ ചേതന്‍ ശര്‍മ അധ്യക്ഷനായുള്ള സെലക്ഷന്‍ കമ്മറ്റിക്കെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വരുണിന് പകരം രാഹുല്‍ ചാഹര്‍ ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Varun Chakravarthy Fails Fitness Test Again