പ്രതീകാത്മകചിത്രം | Photo: Getty Images
ദെഹ്റാദൂണ്‍: സാമ്പത്തിക അഴിമതിയെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് വിവാദത്തില്‍. അസോസിയേഷന്റെ കീഴില്‍ കളിക്കുന്ന താരത്തിന്റെ അച്ഛന് നല്കിയ പരാതിയെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഉത്തരാഖണ്ഡ് അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന ആര്യ സേഥിയ്ക്കെതിരേ അസോസിയേഷന് വധഭീഷണി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് താരത്തിന്റെ അച്ഛന് വിരേന്ദ്ര സേഥി അധികൃതര്‍ക്കെതിരേ പരാതി നല്കി. ഇതേത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയത്. ദ ഇന്ത്യന്‍ എക്സ്പ്രസ്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഭക്ഷണത്തിന് മാത്രമായി ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് ഒരു കോടി 74 ലക്ഷം രൂപയാണ് ചെലവാക്കിയിരിക്കുന്നത്. അതില്‍ പഴം വാങ്ങാനായി മാത്രം 35 ലക്ഷം രൂപ ചെലവാക്കി. കോവിഡ് ലോക്ഡൗണ്‍ സമയത്ത് മാത്രം 11 കോടി രൂപയാണ് അസോസിയേഷന് ചെലവഴിച്ചത്. ഇത്രയൊക്കെ പണം ചെലവാക്കിയെങ്കിലും താരങ്ങള്‍ക്കുള്ള പ്രതിഫലം നല്കാന് അധികൃതര്‍ തയ്യാറായിട്ടില്ല. പ്രതിഫലം ചോദിച്ചതിനെത്തുടര്‍ന്നാണ് ആര്യ സേഥിയ്ക്കെതിരേ അധികൃതര്‍ വധഭീഷണിയുയര്‍ത്തിയത്.
പരാതിയെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി മഹിം വര്‍മ, മുഖ്യ പരിശീലകന് മനിഷ് ഝാ, വക്താവ് സഞ്ജയ് ഗുസൈന് എന്നിവരെ പോലീസ് ചോദ്യം ചെയ്തു. ഇവര്‍ക്കെതിരേ എഫ്.ഐ.ആര് ഫയല്‍ ചെയ്തിട്ടുണ്ട്. കളിക്കാരനെതിരേ വധഭീഷണി മുഴക്കിയതിനെത്തുടര്‍ന്നാണ് ഇവരെ പോലീസ് ചോദ്യം ചെയ്തത്.
ദെഹ്റാദൂണിലെ വസന്ത് വിഹാര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ പരിശീലകന് മനിഷും ടീം മാനേജര്‍ നവ്നീത് മിശ്രയും വീഡിയോ അനലിസ്റ്റ് പീയുഷ് രഘുവംശിയും തനിക്കെതിരേ വധഭീഷണി മുഴക്കിയെന്ന് ആര്യ സേഥി ആരോപിച്ചു.
കണക്കുപുസ്തകത്തില്‍ വമ്പന്‍ തുകകള്‍ എഴുതിച്ചേര്‍ക്കുന്നുണ്ടെങ്കിലും താരങ്ങള്‍ക്ക് മതിയായ ശമ്പളവും ഭക്ഷണവും നല്കുന്നില്ലെന്നുള്ള പരാതിയും നിലവിലുണ്ട്. താരങ്ങള്‍ക്ക് ദിവസവേതനമായ 1500 രൂപയ്ക്ക് പകരം 100 രൂപ മാത്രമാണ് അധികൃതര്‍ നല്‍കുന്നത്. ഭക്ഷണം പോലും നല്‍കിയില്ല. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് മത്സരങ്ങളും ക്യാമ്പുകളുമുണ്ടായിരുന്നില്ല. എന്നിട്ടും ലക്ഷക്കണക്കിന് രൂപ ചെലവാക്കിയെന്ന കള്ളക്കണക്കാണ് അസോസിയേഷന് എഴുതിച്ചേര്‍ത്തതെന്ന് ആര്യ സേഥി ആരോപിച്ചു.
ഉത്തരാഖണ്ഡ് താരമായ റോബിന് ബിഷ്ഠും ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുംബൈയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ അസോസിയേഷന് വളരെ മോശമായാണ് പെരുമാറിയതെന്ന് റോബിന് പറഞ്ഞു.
' മുംബൈയ്ക്കെതിരായ മത്സരത്തിനിടെ ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ക്ക് ഭക്ഷണം ലഭിച്ചില്ല. അസോസിയേഷന് ഹോട്ടല്‍ അധികൃതരോട് ഭക്ഷണത്തിന്റെ കാര്യം പറഞ്ഞിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതേത്തുടര്‍ന്ന് ടീം മാനേജരെ വിളിച്ച് കാര്യം പറഞ്ഞു. അയാള്‍ ഓണ്‍ലൈനായി ഭക്ഷണം വരുത്തി കഴിക്കാനാണ് ആവശ്യപ്പെട്ടത്. ഒരു ദിവസം ഭക്ഷണം കഴിച്ചില്ലെങ്കില്‍ മരിച്ചുപോവുകയൊന്നുമില്ലെന്നും മാനേജര്‍ പറഞ്ഞു. മത്സരശേഷം ദെഹ്റാദൂണ്‍ എയര്‍പോര്‍ട്ടിലിറങ്ങിയ ഞങ്ങളെ കൂട്ടാന്‍ ഒരു ബസ് പോലുമില്ലായിരുന്നു. ടീം മാനേജരെ വിളിച്ചപ്പോള്‍ അയാള്‍ ടാക്സി വിളിച്ച് പോകാനാണ് പറഞ്ഞത്. നിങ്ങളെ തിരിച്ച് വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വമൊന്നും അസോസിയേഷനില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു'- റോബിന് പറഞ്ഞു.
ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ തട്ടിപ്പുകള്‍ക്കെതിരേ സ്വതന്ത്ര എം.എല്‍.എ ഉമേഷ് കുമാറും രംഗത്തെത്തിയിട്ടുണ്ട്. ' കോവിഡ് സമയത്ത് 6.5 കോടി രൂപ പ്രഫഷണല്‍ ഫീസ് എന്ന പേരില്‍ അസോസിയേഷന് കൈപ്പറ്റിയിട്ടുണ്ട്. ഈ പണം അവര്‍ ആര്‍ക്കാണ് നല്‍കിയതെന്ന് എനിക്കറിയണം. 2020 മാര്‍ച്ച് വരെ ഫീസ് വെറും 2.75 കോടിയായിരുന്നു. കോവിഡ് സമയത്ത് ഇത്രയുമധികം വര്‍ധനവ് എങ്ങനെ വന്നു? ബി.സി.സി.ഐ ഇക്കാര്യത്തില്‍ ഇടപെടണം. ഇവിടെ വലിയ അഴിമതിയാണ് നടക്കുന്നത്' - ഉമേഷ് കുമാര്‍ പറഞ്ഞു.
ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെതിരേ മുന്‍പും പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ വസീം ജാഫര്‍ അടക്കമുള്ള പലരും ഉത്തരാഖണ്ഡ് ക്രിക്കറ്റ് അഴിമതിയുടെ വിളനിലമാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ആരോപണങ്ങളും പരാതികളും കുന്നുകൂടിയതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..