അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ചേതേശ്വര്‍ പൂജാരയുടെ മികവില്‍ ഇന്ത്യ കരകയറി. ഓസീസ് ബൗളര്‍മാര്‍ തിളങ്ങിയ ആദ്യ ദിനം ഇന്ത്യ ഒമ്പതു വിക്കറ്റിന് 250 എന്ന നിലയില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. 

മുന്‍നിര കളിമറന്നപ്പോള്‍ 246 പന്തില്‍ നിന്ന് ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 123 റണ്‍സെടുത്ത പൂജാരയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയത്. ഏറെ പ്രതീക്ഷയര്‍പ്പിച്ച ക്യാപ്റ്റന്‍ വിരാട് കോലി വെറും മൂന്നു റണ്‍സിന് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ ഉസ്മാന്‍ ഖ്വാജയുടെ കിടിലന്‍ ക്യാച്ചിലാണ് കോലി പുറത്താകുന്നത്.

ഓസീസ് മണ്ണില്‍ അവര്‍ക്കെതിരേ മികച്ച റെക്കോഡുള്ള കോലിയുടെ വിക്കറ്റ് ഓസീസിന് നിര്‍ണായകമാകുകയായിരുന്നു. കോലിയെ പുറത്താക്കിയ ഖ്വാജയുടെ ക്യാച്ചിന് കയ്യടിക്കുകയാണ് ഓസീസ് ആരാധകര്‍. കമ്മിണ്‍സ് എറിഞ്ഞ 11-ാം ഓവറിലെ മൂന്നാം പന്തിലാണ് കോലി പുറത്താകുന്നത്. ഓഫ് സ്റ്റംമ്പിന് പുറത്തുപോയ പന്തില്‍ ഡ്രൈവിന് ശ്രമിച്ച കോലിയുടെ ബാറ്റില്‍ തട്ടിയ പന്ത് തേര്‍ഡ് സ്ലിപ്പിനും ഗള്ളിക്കും ഇടയിലേക്ക്, ഗള്ളിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഖ്വാജ തന്റെ ഇടത്തോട്ടു ചാടി പന്ത് കൈക്കലാക്കുകയായിരുന്നു.

Content Highlights: usman khawaja stunning catch to dismiss virat kohli