ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോം തുടര്‍ന്ന് ഓസീസ് താരം ഉസ്മാന്‍ ഖ്വാജ. ഡല്‍ഹി ഫിറോസ് ഷാ കോട്ട്‌ല മൈതാനത്ത് നടക്കുന്ന അഞ്ചാം ഏകദിനത്തിലും ഖ്വാജ സെഞ്ചുറി നേടി. നേരത്തെ മൂന്നാം ഏകദിനത്തിലും താരം സെഞ്ചുറി നേടിയിരുന്നു. പരമ്പരയില്‍ താരത്തിന്റെ നാലാമത്തെ അര്‍ധ സെഞ്ചുറിക്കപ്പുറമുള്ള സ്‌കോറായിരുന്നു ബുധനാഴ്ചത്തേത്.

50, 38, 104, 91, 100 എന്നിങ്ങനെയാണ് ഖ്വാജയുടെ ഈ പരമ്പരയിലെ സ്‌കോറുകള്‍. ഇതോടെ 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയ്‌ക്കെതിരേ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ കുറിച്ച റെക്കോഡും ഖ്വാജ മറികടന്നു. 2002-ല്‍ ഇന്ത്യയ്‌ക്കെതിരേ ഗെയില്‍ കുറിച്ച, ഒരു പരമ്പരയില്‍ ഏറ്റവും അധികം അര്‍ധ സെഞ്ചുറിക്കപ്പുറമുള്ള സ്‌കോറുകളെന്ന റെക്കോഡാണ് ഈ പരമ്പരയിലെ പ്രകടനത്തിലൂടെ ഖ്വാജ മറികടന്നത്. 

കൂടാതെ ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന അഞ്ചു മത്സര ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോഡും ഖ്വാജ സ്വന്തം പേരില്‍ കുറിച്ചു. 2015-ല്‍ ഇന്ത്യയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് കുറിച്ച 358 റണ്‍സിന്റെ റെക്കോഡാണ് ഖ്വാജ മറികടന്നത്. 383 റണ്‍സാണ് ഈ പരമ്പരയില്‍ ഖ്വാജ അടിച്ചുകൂട്ടിയത്. 

353 റണ്‍സ് വീതമെടുത്ത ശ്രീലങ്കയുടെ തിലകരത്‌ന ദില്‍ഷനും വിന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജുമാണ് മൂന്നാം സ്ഥാനത്ത്.

Content Highlights: usman khawaja scripts massive record goes pass chris gayle ab de villiers