സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വര്‍ണവിവേചനത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഓസീസ് താരം ഉസ്മാന്‍ ഖവാജ.

ഓസ്‌ട്രേലിയക്കായി കളിക്കുന്ന ആദ്യ മുസ്ലീം ക്രിക്കറ്ററായ ഖവാജയുടെ അരങ്ങേറ്റം സിഡ്‌നിയില്‍ 2011-ലെ ആഷസ് ടൂര്‍ണമെന്റിലായിരുന്നു. 

ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചെറുപ്പത്തില്‍ വര്‍ണ വിവേചനത്തിന് ഇരയായതിനെ കുറിച്ച് ഖവാജ വെളിപ്പെടുത്തിയത്. 

പാകിസ്താനിലെ ഇസ്ലാമാബാദില്‍ ജനിച്ച ഖവാജയ്ക്ക് അഞ്ചു വയസുള്ളപ്പോഴാണ് കുടുംബം ഓസ്‌ട്രേലിയയിലേക്ക് ചേക്കേറുന്നത്. 

''എന്റെ ചെറുപ്പകാലത്ത് ഓസ്‌ട്രേലിയയിലായിരിക്കുമ്പോള്‍ പലപ്പോഴും കേട്ടിരുന്നത് ഞാന്‍ ഒരിക്കലും ഓസ്‌ട്രേലിയക്കായി കളിക്കാന്‍ പോകുന്നില്ല എന്നാണ്. എന്റെ നിറം അതിന് ഇണങ്ങുന്നതല്ലെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഞാന്‍ ടീമിന് യോജിക്കുന്ന ആളല്ലെന്നും എന്നെ തിരഞ്ഞെടുക്കില്ലെന്നും പറയുമായിരുന്നു. അതായിരുന്നു അന്നത്തെ ചിന്താഗതി. എന്നാലിപ്പോള്‍ അത് മാറിവരുന്നുണ്ട്.'' - ഖവാജ പറഞ്ഞു.

''ക്രിക്കറ്റിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ എനിക്കായപ്പോള്‍ എന്റെ ഉപഭൂഖണ്ഡത്ത് നിന്ന് വരുന്നവര്‍ എന്റെ പക്കല്‍ വന്ന് അവര്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞിരുന്നു. തങ്ങള്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായതു പോലെ തോന്നുന്നുവെന്നായിരുന്നു അവരുടെ വാക്കുകള്‍. അവര്‍ ഓസ്‌ട്രേലിയന്‍ ടീമിനെ പിന്തുണയ്ക്കുന്നുവെന്നും അതിന് മുമ്പ് അങ്ങനെ ചെയ്തിട്ടില്ലെന്നും പറഞ്ഞു.'' - ഖവാജ കൂട്ടിച്ചേര്‍ത്തു.

Content Highlights: Usman Khawaja reveals racism in Australian cricket