Photo: PTI
അഹമ്മദാബാദ്: ബാറ്റിങ്ങിനെ തുണച്ച അഹമ്മദാബാദിലെ പിച്ചില്‍ ഇന്ത്യയ്‌ക്കെതിരേ മികച്ച ഇന്നിങ്‌സുമായി ഓസ്‌ട്രേലിയയെ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക് നയിച്ചത് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് കാര്യമായ അവസരങ്ങളൊന്നും തന്നെ നല്‍കാതെയായിരുന്നു താരത്തിന്റെ ബാറ്റിങ്.
ക്ഷമയോടെ ക്രീസില്‍ നിന്ന് 422 പന്തുകള്‍ നേരിട്ട ഖവാജ 21 ബൗണ്ടറികളോടെ 180 റണ്‍സെടുത്താണ് മടങ്ങിയത്. ഉറച്ച ഇരട്ട സെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന താരത്തിന് അക്ഷര്‍ പട്ടേലിന്റെ പന്തില്‍ പിഴവ് പറ്റുകയായിരുന്നു.
മത്സരത്തില്‍ 150 റണ്‍സ് പിന്നിട്ടപ്പോള്‍ ഒരു അപൂര്‍വ നേട്ടവും ഖവാജ സ്വന്തമാക്കി. 21-ാം നൂറ്റാണ്ടില്‍ ടെസ്റ്റില്‍ ഇന്ത്യയില്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ മാത്രം ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് ഖവാജയെ തേടിയെത്തിയത്. മാത്രമല്ല ഈ പരമ്പരയില്‍ ഒരു ഓസീസ് താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്.
2001-ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ 203 റണ്‍സടിച്ച മുന്‍ താരം മാത്യു ഹെയ്ഡന് ശേഷം ഇന്ത്യയില്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണറാണ് ഖവാജ.
ഇന്ത്യയില്‍ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍
ജിം ബര്‍ക് - 161 (ബ്രാബോണില്‍ 1956-ല്‍)
ഗ്രഹാം യല്ലോപ്പ് - 167 (ഈഡന്‍ ഗാര്‍ഡന്‍സില്‍ 1979-ല്‍)
മാത്യു ഹെയ്ഡന്‍ - (203) ചെന്നൈയില്‍ 2001-ല്‍)
ഉസ്മാന്‍ ഖവാജ - 180 (അഹമ്മദാബാദില്‍ 2023-ല്‍)
അതോടൊപ്പം ദക്ഷിണാഫ്രിക്കയുടെ ഡീന്‍ എല്‍ഗറിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയില്‍ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ സന്ദര്‍ശക ഓപ്പണറെന്ന നേട്ടവും ഖവാജ സ്വന്തമാക്കി. 2019 ഒക്ടോബറിലായിരുന്നു എല്‍ഗറിന്റെ നേട്ടം.
2001-ല്‍ ചെന്നൈ ടെസ്റ്റില്‍ 203 റണ്‍സടിച്ച മാത്യു ഹെയ്ഡന് ശേഷം അഞ്ച് സന്ദര്‍ശക ഓപ്പണര്‍മാര്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. ദക്ഷിണാഫ്രിക്കയുടെ ആന്‍ഡ്രൂ ഹാള്‍ (2004-ല്‍ കാണ്‍പുരില്‍ 163), ദക്ഷിണാഫ്രിക്കയുടെ നീല്‍ മക്കെന്‍സി (2008 മാര്‍ച്ചില്‍ പുറത്താകാതെ 155), ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം (2010-ല്‍ ഹൈദരാബാദില്‍ 225), ഇംഗ്ലണ്ടിന്റെ അലസ്റ്റര്‍ കുക്ക് (2012-ല്‍ അഹമ്മദാബാദില്‍ 176, കൊല്‍ക്കത്തയില്‍ 190), ഡീന്‍ എല്‍ഗര്‍ (2019-ല്‍ വിശാഖപട്ടണത്ത് 160) എന്നിവരാണ് ഇക്കാലയളവില്‍ ഈ നേട്ടം സ്വന്തമാക്കിയവര്‍.
Content Highlights: Usman Khawaja only 2nd Australian opener in 21st century to hit 150 in Tests in India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..