സിഡ്‌നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ഇംഗ്ലണ്ടിന് രക്ഷയില്ല. ഇന്നിങ്‌സിനും 123 റണ്‍സിന്റെയും ആധികാരിക വിജയത്തോടെ സ്വന്തം തട്ടകത്തില്‍ ഓസ്‌ട്രേലിയ ആഷസ് കിരീടം (4-0) തിരിച്ചുപിടിച്ചു. അവസാന ദിനമായ ഇന്ന് സമനില പിടിക്കണമെങ്കില്‍ ഇംഗ്ലണ്ടിന് നന്നായി വിയര്‍പ്പൊഴുക്കണമായിരുന്നു. എന്നാല്‍ പൊരുതാന്‍ പോലും ശ്രമിക്കാതെ ഇംഗ്ലീഷ് ബാറ്റിങ് നിര ഓസീസിന് മുന്നില്‍ പൂര്‍ണമായും ചാരമായി. സ്‌കോര്‍; ഇംഗ്ലണ്ട് - 346, 180. ഓസ്‌ട്രേലിയ - 649/7 

303 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി 4 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ റൂട്ട് (167 പന്തില്‍ 58 റണ്‍സ്) മാത്രമാണ് ഇംഗ്ലീഷ് നിലയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ്‌ കുമ്മിന്‍സും മൂന്ന് വിക്കറ്റ് പിഴുതെടുത്ത നാഥന്‍ ലയോണുമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി എട്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയ കുമ്മിന്‍സാണ് കളിയിലെ താരം. 

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സ് എന്ന നിലയില്‍ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ച്വറി നേടിയ മാര്‍ഷ് സഹോദരന്‍മാരുടെയും ഉസ്മാന്‍ ഖ്വാജയുടെയും മികവിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്.  291 പന്തുകള്‍ നേരിട്ട ഷോണ്‍ മാര്‍ഷ് 156 റണ്‍സെടുത്തും 141 പന്തുകള്‍ കളിച്ച മിച്ചല്‍ മാര്‍ഷ് 101 റണ്‍സെടുത്തുമാണ് പുറത്തായത്. 381 പന്തില്‍ 18 ഫോറും ഒരു സിക്‌സുമടക്കം 171 റണ്‍സാണ് ഖ്വാജ അടിച്ചെടുത്തത്. 

കഴിഞ്ഞ ആഷസ് സീരീസ് 3-2 ന് സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ഇത്തവണ നാലാം ടെസ്റ്റിലെ സമനില മാത്രമാണ്  ആശ്വസിക്കാനുള്ളത്. ബാക്കി നാല് ടെസ്റ്റുകളിലും ആധികാരികയിരുന്നു ഓസീസ് വിജയം. ഒന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ 120 റണ്‍സിനും ഇംഗ്ലണ്ട് അടിയറ പറഞ്ഞപ്പോള്‍ ശേഷിച്ച രണ്ട് ടെസ്റ്റിലും ഇന്നിംങ്‌സ് തോല്‍വിയോടെ ഇംഗ്ലീഷ് നിര നാണംകെട്ടു.