മെല്‍ബണ്‍: ആഷസ് ടെസ്റ്റില്‍ അലെസ്റ്റയര്‍ കുക്കിന്റെ ഇരട്ടസെഞ്ചുറിയായിരുന്നു എല്ലാ വാര്‍ത്തകളുടെയും തലക്കെട്ടുകള്‍. എന്നാല്‍ അതിനോടൊപ്പം ചര്‍ച്ചയായ മറ്റൊരു സംഭവവും ആഷസിന്റെ മൂന്നാം ദിനം അരങ്ങേറി. ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കാന്‍ ഉസ്മാന്‍ ഖ്വാജയെടുത്ത ക്യാച്ചായിരുന്നു അത്.

മിഡ് വിക്കറ്റില്‍ വെച്ച് മുന്നോട്ട് ഡൈവ് ചെയ്തായിരുന്നു ഖ്വാജ ക്യാച്ചെടുത്തത്. എന്നാല്‍ അതിനിടയില്‍ പന്ത് കൈയില്‍ നിന്ന് വഴുതി താഴെ പോയിട്ടുണ്ടെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. പന്തും കൈയും ഖ്വാജയുടെ ശരീരത്തിനടിയിലായതിനാല്‍ എന്താണ് സംഭവിച്ചതെന്നും വീഡിയോയില്‍ വ്യക്തമല്ല. ക്യാച്ചെടുത്ത് എഴുന്നേല്‍ക്കുമ്പോള്‍ ഖ്വാജയുടെ കൈയില്‍ തന്നെ പന്തുണ്ട്.

വീഡിയോ റീപ്ലേയ്ക്ക് ശേഷം തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. പക്ഷേ കമന്റേറ്റര്‍മാര്‍ ഈ ഔട്ടില്‍ രണ്ടുപക്ഷം ചേര്‍ന്നു. 

63 പന്തില്‍ 56 റണ്‍സെടുത്താണ് ബ്രോഡ് പുറത്തായത്. കുക്കിനോടൊപ്പം മികച്ച രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ടു കൊണ്ടുപോകവെയാണ് ബ്രോഡിന്റെ വിക്കറ്റ് പോയത്. ഇരുവരും ചേര്‍ന്ന് അപ്പോള്‍ 110 പന്തില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 

നാലാം ദിനം ഖ്വാജ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. 'ഇത് പഴയ ഓസ്‌ട്രേലിയ തന്നെയാണ്, എപ്പോഴും ചതിക്കുന്ന ഓസ്‌ട്രേലിയ' എന്ന് വിളിച്ചുപറഞ്ഞാണ് ഇംഗ്ലണ്ട് ആരാധകര്‍ പ്രതിഷേധിച്ചത്.

Content Highlights: Usman Khawaja Catch To Dismiss Stuart Broad Stirs Ashes Controversy