Photo: twitter.com/wplt20
മുംബൈ: വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി. വാശിയേറിയ പോരാട്ടത്തില്‍ യു.പി വാരിയേഴ്‌സാണ് മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയത്. മുംബൈ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം യു.പി 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: മുംബൈ 20 ഓവറില്‍ 127 ന് പുറത്ത്, യു.പി വാരിയേഴ്‌സ് 19.3 ഓവറില്‍ അഞ്ചിന് 129. അഞ്ചുമത്സരങ്ങളില്‍ തോല്‍ക്കാതെ വന്ന മുംബൈ ഇന്ത്യന്‍സിന് മേല്‍ യു.പി വാരിയേഴ്‌സ് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി.
അവസാന ഓവറില്‍ വാരിയേഴ്‌സിന് വിജയിക്കാന്‍ അഞ്ചുറണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇസി വോങ് ചെയ്ത ആദ്യ രണ്ട് പന്തിലും ക്രീസില്‍ നിന്ന സോഫി എക്കല്‍സ്‌റ്റോണിന് റണ്ണെടുക്കാനായില്ല. എന്നാല്‍ മൂന്നാം പന്തില്‍ വോങ്ങിനെ സിക്‌സടിച്ചുകൊണ്ട് എക്കല്‍സ്‌റ്റോണ്‍ ടീമിന് വിജയം സമ്മാനിച്ചു. 39 റണ്‍സെടുത്ത ഗ്രേസ് ഹാരിസും 38 റണ്‍സ് നേടിയ താലിയ മഗ്രാത്തുമാണ് ടീമിന് മികച്ച അടിത്തറ സമ്മാനിച്ചത്.
13 റണ്‍സെടുത്ത് ദീപ്തി ശര്‍മയും 16 റണ്‍സെടുത്ത് എക്കല്‍സ്റ്റോണും പുറത്താവാതെ നിന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. ഒരുഘട്ടത്തില്‍ 27 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട വാരിയേഴ്‌സിനെ താലിയ-ഹാരിസ് സഖ്യമാണ് രക്ഷിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും 44 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
മുംബൈയ്ക്ക് വേണ്ടി അമേലിയ കെര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ നാറ്റ് സീവര്‍ ബ്രണ്ട്, ഹെയ്‌ലി മാത്യൂസ്, ഇസ്സി വോങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ 35 റണ്‍സെടുത്ത ഓപ്പണര്‍ ഹെയ്‌ലി മാത്യൂസിന്റെയും 32 റണ്‍സ് നേടിയ ഇസ്സി വോങ്ങിന്റെയും മികവിലാണ് 127 റണ്‍സെടുത്തത്. നായിക ഹര്‍മന്‍പ്രീത് കൗര്‍ 25 റണ്‍സെടുത്തു. കണിശതയോടെ പന്തെറിഞ്ഞ ലോക ഒന്നാം നമ്പര്‍ ബൗളറായ സോഫി എക്കല്‍സ്റ്റോണാണ് മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തത്.
എക്കല്‍സ്‌റ്റോണ്‍ നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. രാജേശ്വരി ഗെയ്ക്‌വാദ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ അഞ്ജലി സര്‍വാനി ഒരു വിക്കറ്റ് നേടി.
മത്സരത്തില്‍ തോറ്റെങ്കിലും മുംബൈ തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയമടക്കം 10 പോയന്റാണ് ടീമിനുള്ളത്. ഈ വിജയത്തോടെ യു.പി വാരിയേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് കയറി. വാരിയേഴ്‌സിന്റെ മൂന്നാം വിജയമാണിത്.
Content Highlights: up warriorz beat mumbai indians by five wickets in wpl 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..