ന്യൂഡല്‍ഹി: 2012-ല്‍ അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനാണ് തീരുമാനം. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കിയത്. 

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ യങ് സെന്‍സേഷനായിരുന്ന ഉന്മുക്ത് ചന്ദിന് പക്ഷേ ആ മികവ് പിന്നീട് തുടരാനായില്ല. 

2012 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ സെഞ്ചുറി നേടി (111) ഇന്ത്യന്‍ വിജയത്തില്‍ മുന്നില്‍ നിന്ന താരം സീനിയര്‍ ടീമിലെത്തുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. പക്ഷേ പിന്നീടൊരിക്കലും മികവിലേക്ക് ഉയരാന്‍ സാധിക്കാതിരുന്ന ചന്ദിന് സീനിയര്‍ ടീമിലേക്കും വിളിയെത്തിയില്ല.

ഡല്‍ഹിക്കായി രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായാണ് (151) ഉന്മുക്ത് ചന്ദ് തിളങ്ങിയത്. 18-ാം വയസില്‍ ഐ.പി.എല്ലില്‍ അന്നത്തെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഭാഗമായി. 2015 വരെ ഇന്ത്യ എ ടീമിലും അംഗമായിരുന്നു. 

2016 മുതല്‍ താരത്തിന്റെ കരിയറിലെ വീഴ്ചകള്‍ തുടങ്ങി. ആദ്യം വിജയ് ഹസാരെ ട്രോഫിക്കുള്ള ഡല്‍ഹി ടീമില്‍ നിന്ന് പുറത്തായി. മോശം ഫോം കാരണം മുംബൈ ഇന്ത്യന്‍സില്‍ നിന്നും പുറത്ത്. പിന്നീടൊരു തിരിച്ചുവരവ് താരത്തിനുണ്ടായില്ല. 

67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 3379 റണ്‍സാണ് സമ്പാദ്യം. 120 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 4505 റണ്‍സും സ്വന്തമാക്കി.

Content Highlights: Unmukt Chand retires from Indian cricket at the age of 28