മുംബൈ: കോവിഡ് വ്യാപന ഭീതിയില്‍ ഐപിഎല്‍ റദ്ദാക്കിയതോടെ ഇന്ത്യ വേദിയാകുന്ന ട്വന്റി-20 ലോകകപ്പും ആശങ്കയില്‍. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. കോവിഡ് രണ്ടാം തരംഗം ശമിച്ചില്ലെങ്കില്‍ ലോകകപ്പ് മാറ്റിയേക്കും. 

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ ഭീതി നിലനില്‍ക്കുന്നതിനാലാണ് വേദിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. ജൂണില്‍ നടക്കുന്ന ഐസിസി യോഗത്തിലാകും ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക.

ഇന്ത്യക്ക് ആതിഥേയ പദവി നല്‍കി യു.എ.ഇ വേദിയാക്കാനും ആലോചനയുണ്ട്. ഇന്ത്യയില്‍ ഒമ്പത് വേദികളിലായാണ് മത്സരങ്ങള്‍ തീരുമാനിച്ചിരുന്നത്. 16 ടീമുകള്‍ തമ്മിലാണ് മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് ഐപിഎല്‍ നടന്നത് യു.എ.ഇയിലാണ്. ആ ഐപിഎല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ യു.എ.ഇക്ക് കഴിഞ്ഞിരുന്നു. ഇത് യു.എ.ഇയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

Content Highlights: Uncertainty looms over T20 World Cup in India after IPL postponement