അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര ഒരിക്കല്‍ കൂടി കംഗാരുക്കള്‍ക്കു മുന്നില്‍ കളിമറന്നപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയത് ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറി പ്രകടനമായിരുന്നു. 246 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ പൂജാര 123 റണ്‍സെടുത്തു. ടെസ്റ്റിലെ പൂജാരയുടെ 16-ാം സെഞ്ചുറിയായിരുന്നു ഇത്.

മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നു. വിരാട് കോലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് എന്നിങ്ങനെ നീളുന്നു അലക്ഷ്യമായി വിക്കറ്റ് കളഞ്ഞവരുടെ നിര. ഒരറ്റത്ത് വിക്കറ്റുകള്‍ ഓരോന്നായി വീഴുമ്പോഴും ക്രീസില്‍ ഉറച്ചു നിന്ന പൂജാര, മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ ഓര്‍മ്മിപ്പിച്ചു.

ഇന്ന് അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ വന്‍മതിലായി നിലകൊള്ളുകയായിരുന്നു പൂജാര. ദ്രാവിഡിന്റെ പകരക്കാരന്‍ എന്ന ലേബലിലാണ് പൂജാര ഇന്ത്യന്‍ ടീമിലെത്തുന്നത്. ആശ്ചര്യമെന്നു പറയട്ടെ ഇക്കാര്യത്തില്‍ മാത്രമല്ല, ഇരുവരുടെയും കളത്തിലെ കണക്കുകളുടെ കാര്യത്തിലും സാമ്യങ്ങള്‍ ഏറെയാണ്.

ടെസ്റ്റിലെ റണ്‍നേട്ടങ്ങളിലാണ് ഈ സാമ്യത. വ്യാഴാഴ്ച നേടിയ സെഞ്ചുറിയോടെ ടെസ്റ്റില്‍ 5000 റണ്‍സും പൂജാര തികച്ചു. തന്റെ 108-ാം ഇന്നിങ്‌സിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. രാഹുല്‍ ദ്രാവിഡും ടെസ്റ്റില്‍ 5000 റണ്‍സ് തികച്ചത് 108 ഇന്നിങ്‌സിലായിരുന്നു.

4000 റണ്‍സ് തികയ്ക്കാന്‍ ദ്രാവിഡ് 84 ഇന്നിങ്‌സുകള്‍ കളിച്ചു. പൂജാരയും 4000 റണ്‍സ് തികച്ചത് 84-ാം ഇന്നിങ്‌സിലായിരുന്നു. യാദൃശ്ചികത ഇവിടം കൊണ്ടും തീരുന്നില്ല. 67 ഇന്നിങ്‌സുകളില്‍ നിന്നാണ് പൂജാര 3000 റണ്‍സ് തികച്ചത്. ദ്രാവിഡിനും 3000 റണ്‍സ് തികയ്ക്കാന്‍ വേണ്ടിവന്നത് 67 ഇന്നിങ്‌സുകള്‍ തന്നെ. ഇരുവര്‍ക്കുമിടയിലെ ഈ അപൂര്‍വ സാമ്യത കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 

എന്നാല്‍ ടെസ്റ്റില്‍ പൂജാരയേക്കാള്‍ വേഗത്തില്‍ 2000 റണ്‍സ് തികച്ചത് ദ്രാവിഡാണ്. 40 ഇന്നിങ്‌സുകളില്‍ നിന്നാണ് ദ്രാവിഡ് 2000 തികച്ചത്. പൂജാരയ്ക്ക് ഈ നേട്ടത്തിലെത്താന്‍ 46 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. അതേസമയം, ദ്രാവിഡിനേക്കാള്‍ നേരത്തെ ടെസ്റ്റില്‍ 1000 റണ്‍സ് തികച്ചത് പൂജാരയാണ്. വെറും 18 ഇന്നിങ്‌സുകളില്‍നിന്നാണ് പൂജാര 1000 തികച്ചത്, ദ്രാവിഡ് 23 ഇന്നിങ്‌സുകളില്‍ നിന്നും. 

Content Highlights: uncanny coincidence between cheteshwar pujara and rahul dravid