അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ നോ ബോളുകള്‍ ശ്രദ്ധിക്കാതെ ഫീല്‍ഡ് അമ്പയര്‍മാര്‍.
മത്സരത്തിന്റെ നാലാം ദിവസമാണ് ഇഷാന്ത് എറിഞ്ഞ നോ ബോളുകള്‍ കണ്ടെത്തുന്നതില്‍ അമ്പയര്‍മാര്‍ പരാജയപ്പെട്ടത്. ഇതിനെതിരേ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
നാലാം ദിനത്തില്‍ ഇഷാന്ത് നിരവധി ഓവര്‍ സ്റ്റെപ്പ് നോ ബോളുകളാണ് എറിഞ്ഞത്. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ നിഗെല്‍ ലോങ്ങും കുമാര്‍ ധര്‍മസേനയും ഇതിനൊന്നും നോ ബോള്‍ വിളിച്ചില്ല.
എന്നാല്‍ ടെലിവിഷന്‍ റീപ്ലേകള്‍ പല പന്തുകളും നോ ബോളായിരുന്നുവെന്ന് കാണിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് പോണ്ടിങ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഓസീസിന്റെ രണ്ടാം ഇന്നിങ്സില്‍ ഇഷാന്ത്, ആരോണ്‍ ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയിരുന്നു. എന്നാല്‍ ഫിഞ്ച് റിവ്യൂവിന് പോയതോടെ പന്ത് നോ ബോളാണെന്ന് വ്യക്തമാകുകയായിരുന്നു. പിന്നാലെ നഥാന്‍ ലിയോണിന്റെ വിക്കറ്റും നോ ബോളായതിനാല്‍ ഇഷാന്തിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പോണ്ടിങ് ചൂണ്ടിക്കാട്ടിയ കാര്യം വിവാദമാകുന്നത്.
നോ ബോളുകളുടെ പേരില്‍ ഇഷാന്ത് ദു:ഖിതനാണെന്ന് മത്സരത്തിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വ്യക്തമാക്കി.
Content Highlights: umpires fail to spot ishant sharmas no balls