ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അമ്പയര്‍ കാണാതെ പോയത് 21 നോ ബോളുകള്‍. ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ആദ്യ രണ്ടു സെഷനുകളിലാണ് പാക് ബൗളര്‍മാരില്‍ നിന്ന് ഇത്രയും നോ ബോളുകള്‍ വന്നത്. 

എന്നാല്‍ ഒന്നും ഫീല്‍ഡ് അമ്പയറുടെ ശ്രദ്ധയില്‍ പെട്ടില്ല. പരമ്പരയുടെ സംപ്രേക്ഷകരായ ചാനല്‍ സെവനിലാണ് ഈ നോ ബോളുകള്‍ പിന്നീട് കാണിച്ചത്. ഓസ്‌ട്രേലിയയുടെ മുന്‍താരം ട്രെന്റ് കോപെലാന്‍ഡ് മത്സരം വിലയിരുത്തുമ്പോഴായിരുന്നു ഇത്. 

ആദ്യ ദിനം പാക് താരം മുഹമ്മദ് റിസ്‌വാന്‍ പുറത്തായതും നോ ബോളിലാണ്. 34 പന്തില്‍ 37 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്നു റിസ്‌വാന്‍. എന്നാല്‍ പാറ്റ് കമ്മിന്‍സിന്റെ ആ പന്ത് നോ ബോളായിരുന്നു. അമ്പയര്‍ മൈക്കല്‍ ഗൗഫ് അതുകണ്ടില്ല. യുവതാരം നസീം ഷായുടെ പന്തില്‍ 54 റണ്‍സെടുത്ത് നില്‍ക്കെ ഡേവിഡ് വാര്‍ണര്‍ പുറത്താകേണ്ടതായിരുന്നു. എന്നാല്‍ തേഡ് അമ്പയര്‍ അതു നോ ബോള്‍ വിളിച്ചു. ഇതോടെ ജീവന്‍ തിരിച്ചുകിട്ടിയ വാര്‍ണര്‍ പിന്നീട്  296 പന്തില്‍ 154 റണ്‍സ് അടിച്ചു. 

Content Highlights: Umpires fail to spot 21 no balls from Pakistan bowlers Australia vs Pakistan