മാഞ്ചസ്റ്റർ: കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയോടെയാണ് വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പര നടക്കുന്നത്. കോവിഡിനെതിരായ മുൻകരുതൽ എന്ന നിലയിൽ പന്തിൽ തുപ്പൽ തേക്കുന്നത് ഐ.സി.സി വിലക്കിയിട്ടുണ്ട്. എന്നാൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഡോം സിബ്ലെ ഐ.സി.സിയുടെ ഈ വിലക്ക് മറന്നുപോയി. പഴയ ശീലം മറക്കാതെ സിബ്ലി പന്തിൽ തുപ്പൽ തേച്ചുമിനുക്കുകയായിരുന്നു.

വെസ്റ്റിൻഡീസിന്റെ ഒന്നാമിന്നിങ്സിൽ ക്രിസ് വോക്സിന്റെ ഓവർ പൂർത്തിയായ ഉടനെയായിരുന്നു സിബ്ലി പന്ത് കൈയിലെടുത്ത് തുപ്പൽ തേച്ചത്. തുടർന്ന് ഇംഗ്ലീഷ് താരങ്ങൾ തന്നെ ഇക്കാര്യം അമ്പയർ മൈക്കൽ ഗൗഫിന്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് അമ്പയർ പന്ത് വാങ്ങി അണുവിമുക്തമാക്കി. സാനിറ്റൈസർ ഉപയോഗിച്ച ശേഷം പന്തിന്റെ ഇരുവശവും ടിഷ്യൂ കൊണ്ട് തുടച്ചു വൃത്തിയാക്കുകയായിരുന്നു. പുതിയ നിയമം വന്ന ശേഷം ആദ്യമായാണ് ഒരു കളിക്കാരൻ പന്തിൽ തുപ്പൽ തേക്കുന്നത്.

തുപ്പൽ തേക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ആദ്യം ടീമിന് അമ്പയർ മുന്നറിയിപ്പ് നൽകും. തുടർന്നും തെറ്റ് ആവർത്തിച്ചാൽ അഞ്ച് റൺസ് പെനാൽറ്റി വിധിക്കും. ഇത്തവണ ഇംഗ്ലണ്ട് ടീമിന് അമ്പയർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlights: Umpires disinfect cricket ball after Sibley accidentally uses saliva