ലണ്ടന്‍: ഡിസിഷന്‍ റിവ്യു സിസ്റ്റത്തിലെ (ഡി.ആര്‍.എസ്) വിവാദമായ അമ്പയേഴ്‌സ് കോള്‍ നിയമം എടുത്തുകളഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ദിവസം നടന്ന മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എം.സി.സി) യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായി എം.സി.സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ക്രിക്കറ്റിലെ നിയമനിര്‍മ്മാണം നടത്തുന്ന സംഘടനയാണ് എം.സി.സി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ യോഗം നടന്നത്. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 

2016-ലാണ് ഐ.സി.സി അമ്പയേഴ്‌സ് കോള്‍ നിയമം നടപ്പാക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായം തേടുന്നുണ്ടെങ്കിലും തീരുമാനത്തില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് പങ്കുണ്ടാകാന്‍ വേണ്ടിയാണ് ഈ നിയമം നടപ്പാക്കിയത്. 

എല്‍.ബി.ഡബ്ല്യു തീരുമാനങ്ങളില്‍ കൃത്യമായ തെളിവില്ലെങ്കില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നതാണ് അമ്പയേഴ്‌സ് കോള്‍ എന്ന നിയമം.

എന്നാല്‍ ഇതിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പലപ്പോഴും കളിക്കാര്‍ തന്നെ പരസ്യമായി ഇതിനെതിരേ രംഗത്ത് വന്നിട്ടുമുണ്ട്. 

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും അമ്പയേഴ്‌സ് കോള്‍ വിവാദമായിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടും ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചതിനാല്‍ ഡി.ആര്‍.എസ് എടുത്തിട്ടും അമ്പയേഴ്‌സ് കോള്‍ പ്രകാരം റൂട്ടിന് ക്രീസില്‍ തുടരാന്‍ സാധിച്ചിരുന്നു. ഇക്കാര്യത്തെ ചൊല്ലി കോലിയും അമ്പയറും ദീര്‍ഘനേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 

ഇത്തരം കാര്യങ്ങള്‍ പതിവായപ്പോഴാണ് എം.സി.സി യോഗത്തില്‍ അമ്പയേഴ്‌സ് കോളിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നത്. യോഗത്തിലും ഇതു സംബന്ധിച്ച് രണ്ട് അഭിപ്രായം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഈ നിയമം എടുത്തുകളയണമെന്നും വാദങ്ങള്‍ ഉയര്‍ന്നു.

Content Highlights: Umpire s call the much-debated law could be soon removed MCC