ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ആ ഓവര്‍ ത്രോ ആരും മറക്കില്ല. ബെന്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടിപ്പോയ ആ പന്ത് ബൗണ്ടറി ലൈനും കടന്നുപോയി. ഇതോടെ ഇംഗ്ലണ്ടിന് ആറു റണ്‍സ് ലഭിച്ചു.

ഇതില്‍ രണ്ടു റണ്‍ ഓടിയെടുത്തതും നാല് റണ്‍ ബൗണ്ടറിയുടേതുമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇംഗ്ലണ്ടിന് അനുവദിക്കേണ്ടിയിരുന്നത് അഞ്ചു റണ്‍സാണെന്ന വാദം ഉയര്‍ന്നു. ഐ.സി.സിയുടെ നിയമപ്രകാരം ഓവര്‍ ത്രോ ആണെങ്കില്‍ ഫീല്‍ഡര്‍ പന്ത് എറിയും മുമ്പെ ബാറ്റ്‌സ്മാന്‍ ക്രീസിലെത്തണമെന്നാണ്. അതനുസരിച്ച് ഗുപ്റ്റില്‍ പന്ത് എറിയുമ്പോള്‍ സ്‌റ്റോക്ക്‌സും ആദില്‍ റഷീദും ക്രീസിലെത്തിയിരുന്നില്ല. ഇങ്ങനെയെങ്കില്‍ അഞ്ചു റണ്‍സായിരുന്നു അനുവദിക്കേണ്ടിയിരുന്നത്.

എന്നാല്‍ ഫീല്‍ഡ് അമ്പയറായ കുമാര്‍ ധര്‍മ്മസേന ആറു റണ്‍സെന്ന് കൈവിരല്‍ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ഒരു റണ്‍ കൂടുതല്‍ ലഭിച്ചു. സമനില ആയ മത്സരഫലത്തില്‍ ഈ ഒരു റണ്‍ നിര്‍ണായകമാകുകയും ചെയ്തു.

ഇപ്പോള്‍ ലോകകപ്പിന് ആഴ്ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്പയര്‍ ധര്‍മ്മസേന. അതു തെറ്റായ തീരുമാനമായിരുന്നെന്നും എന്നാല്‍ അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നും ധര്‍മ്മസേന വ്യക്തമാക്കി. 

'ടിവി റീപ്ലേകള്‍ നോക്കി ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ എളുപ്പമാണ്. ഇപ്പോള്‍ റീപ്ലേകള്‍ നോക്കുമ്പോള്‍ എന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് മനസ്സിലാകുന്നുണ്ട്. ഗ്രൗണ്ടില്‍ പക്ഷേ ഈ ടിവി റീപ്ലേ എന്ന സൗകര്യമില്ല. അതുകൊണ്ടുതന്നെ എന്റെ തീരുമാനത്തില്‍ ഞാന്‍ ഖേദിക്കുന്നില്ല. അതു മാത്രമല്ല, ആ സയത്ത് തീരുമാനം എടുത്തതില്‍ ഐ.സി.സി എന്നെ പുകഴ്ത്തുകയും ചെയ്തു.' ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മ്മസേന പറയുന്നു.

'ആരും ഔട്ട് ആകാത്തതിനാല്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടുകൊടുക്കാനും കഴിയില്ലായിരുന്നു. അത് നിമയത്തിന് എതിരാണ്. അതുകൊണ്ട് ലെഗ് അമ്പയറുമായി സംസാരിച്ച ശേഷമാണ് ആറു റണ്‍സ് കൊടുത്തത്. ഞങ്ങള്‍ തമ്മിലുള്ള ആശയവിനിമയം മറ്റെല്ലാ അമ്പയര്‍മാരും മാച്ച് റഫറിയും കേട്ടതാണ്. പക്ഷേ ആരും ടിവി റീപ്ലേ പരിശോധിച്ചില്ല. എല്ലാവരും ബാറ്റ്‌സ്മാന്‍ ക്രീസിലെത്തി എന്നു തന്നെയാണ് കരുതിയത്. അങ്ങനെയാണ് ഞാന്‍ ആ തീരുമാനമെടുത്തത്.' ധര്‍മ്മസേന കൂട്ടിച്ചേര്‍ത്തു. 

Content Highlights: Umpire Kumar Dharmasena on World Cup final overthrow controversy