പെര്‍ത്ത്: ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ പരിക്കിന്റെ തുടര്‍ക്കഥ. ആദ്യ ദിനം ന്യൂസീലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസണ് പരിക്കേറ്റപ്പോള്‍ രണ്ടാം ദിനം ഓസീസിന്റെ ജോഷ് ഹെയ്‌സല്‍വുഡാണ് പരിക്കിന്റെ പിടിയിലമര്‍ന്നത്. മൂന്നാം ദിനം അമ്പയര്‍ക്കായിരുന്നു പരിക്ക്. മിച്ചല്‍ സാന്റ്‌നറുമായി കൂട്ടിയടിച്ച് ഗ്രൗണ്ടില്‍ വീണ അമ്പയര്‍ അലീം ദര്‍ വേദനകൊണ്ട് പുളഞ്ഞു.

ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിനിടെ ആയിരുന്നു സംഭവം. ടിം സൗത്തി ആയിരുന്നു ബൗളര്‍. സൗത്തി എറിഞ്ഞ പന്ത് മാര്‍നസ് ലബൂഷെയ്ന്‍ ബൗളര്‍ക്ക് നേരെ അടിച്ചു. ഇതിനിടയില്‍ സിംഗിളിനായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് ജോ ബേണ്‍സ് ഓടിയിരുന്നു. ലഭിച്ച അവസരം മുതലെടുത്ത് ടിം സൗത്തി സ്റ്റമ്പ് ലക്ഷ്യമാക്കി പന്ത് എറിഞ്ഞു. ഈ പന്ത് പിടിക്കാനായി ഓടുന്നതിനിടയില്‍ സാന്റ്‌നര്‍ അമ്പയറുമായി കൂട്ടിയിടിക്കുകയായിരുന്നു, റണ്‍ ഔട്ട് ആക്കാനുള്ള ധൃതിക്കിടയില്‍ അലീം ദറിന്റെ കാലില്‍ ചവിട്ടുകയായിരുന്നു സാന്റ്‌നര്‍. 

ഇതോടെ ഗ്രൗണ്ടില്‍ വീണ അലീം ദറിന് കാല്‍മുട്ടിലെ വേദന സഹിക്കാനായില്ല. ഗ്രൗണ്ടില്‍ കിടന്ന് പുളഞ്ഞ അലീം ദറിന്റെ അടുത്തേക്ക് ന്യൂസീലന്‍ഡ് ടീമിന്റെ ഫിസിയോ ഓടിയെത്തി. കാല്‍മുട്ടില്‍ സ്‌പ്രേ അടിച്ചു, ബാന്‍ഡേജ് ചുറ്റി. വേദന കുറഞ്ഞതോടെ അലീം ദര്‍ അമ്പയറിങ് തുടര്‍ന്നു. 

 

Content Highlights: Umpire Aleem Dar floored to the ground after taking heavy knock Australia vs New Zealand