മുംബൈ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇഷാന്ത് ശര്‍മ്മക്ക് പകരം ഉമേഷ് യാദവ് ടീമില്‍ ഇടം നേടി. കുല്‍ദീപ് യാദവാണ് ടീമിലെത്തിയ മറ്റൊരു താരം. ആര്‍.അശ്വിനും തിരിച്ചെത്തി. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ച അശ്വിന്‍ പിന്നീട് പേശീവലിവിനെ തുടര്‍ന്ന് പെര്‍ത്തിലും മെല്‍ബണിലും കളിച്ചിരുന്നില്ല. രോഹിത് ശര്‍മ്മയില്ലാത്തതിനാല്‍ കെ.എല്‍ രാഹുലും ടീമില്‍ ഇടം നേടി.

അശ്വിന്‍ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ടീം വക്താവ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് 13 അംഗ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയത്. അശ്വിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം മല്‍സരം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പു മാത്രമേ കൈക്കൊള്ളൂ.

കഴിഞ്ഞാഴ്ച്ച അച്ഛനായ രോഹിത് മകളെ കാണാനായി മുംബൈയിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം ഏകദിനത്തിന് മാത്രമേ രോഹിത് തിരിച്ചെത്തുകയുള്ളൂ. ഇതോടെ കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ മാറ്റം വരുത്താന്‍ കോലി നിര്‍ബന്ധിതനാകുകയായിരുന്നു.

ഈ പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇഷാന്ത് പുറത്തെടുത്തത്. മൂന്ന് ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഉമേഷ് യാദവിന് വേണ്ടി നാലാം ടെസ്റ്റില്‍ നിന്ന് വഴി മാറികൊടുക്കേണ്ടി വരികയായിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്‌. ബുംറ-ഷമി-ഇഷാന്ത് പേസ് ത്രയം ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറവേ സെലക്ഷന്‍ കമ്മിറ്റി ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത് എന്തനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്‌. ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണി മുതലാണ് ടെസ്റ്റ് തുടങ്ങുക. 

Content Highlights: Umesh Yadav replaces Ishant Sharma, KL Rahul returns as India announce 13 man squad