മുംബൈ: സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് പുറത്തെടുക്കുന്ന വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട് കോലി.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 30 റണ്‍സ് അടിച്ചെടുത്ത താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ഉമേഷിനെ വേണ്ടിവന്നാല്‍ മൂന്നാം നമ്പറിലിറക്കാമെന്നാണ് കോലിയുടെ അഭിപ്രായം. ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് ഭേദമാകാന്‍ വൈകിയാല്‍ വിദേശത്ത് എന്തു തന്ത്രം സ്വീകരിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോലി. തമാശരൂപേണയായിരുന്നു കോലിയുടെ വാക്കുകള്‍.

''വിദേശ പര്യടനങ്ങളില്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കളിക്കാനായില്ലെങ്കിലും അഞ്ചു ബൗളര്‍ ഒരു സ്‌പെഷലിസ്റ്റ് സ്പിന്നര്‍ എന്ന രീതിയില്‍ കളിക്കാനാകും. കാരണം ബാറ്റിങ് യൂണിറ്റിലെ എല്ലാ അംഗങ്ങള്‍ക്കും പുറമെ വിക്കറ്റ് കീപ്പറുണ്ട്. സ്പിന്നര്‍മാരായി വരുന്നത് അശ്വിനായാലും ജഡേജയായാലും ഇരുവരും ബാറ്റു ചെയ്യും. ഏഴാം നമ്പര്‍ വരെ ശക്തരായ താരങ്ങളുണ്ട്. അതിനുശേഷം ഇപ്പോള്‍ ഉമേഷ് യാദവുമുണ്ട്. പിഞ്ച് ഹിറ്ററെന്ന നിലയില്‍ മൂന്നാം നമ്പറിലും ഉമേഷിനെ പരീക്ഷിക്കാം'', കോലി തമാശയായി പറഞ്ഞു.

റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ വെറും 10 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഉമേഷിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലും ഉമേഷ് സമാന പ്രകടനം ആവര്‍ത്തിച്ചു. അന്ന് 10 പന്തില്‍ നിന്ന് അടിച്ചെടുത്തത് 25 റണ്‍സായിരുന്നു.

Content Highlights: Umesh Yadav can probably bat at No. 3 says Virat Kohli