Photo: twitter.com|cricketworldcup
നോര്‍ത്ത് സൗണ്ട് (ആന്റിഗ്വ): ലോകകിരീടം ചുണ്ടോടടുപ്പിച്ചു നില്‍ക്കുകയാണ് ഇന്ത്യ. അതില്‍ വിജയചുംബനം നല്കാന് കഴിയുമോയെന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ശനിയാഴ്ച ഇംഗ്ലണ്ടിനെ നേരിടും. വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം വൈകീട്ട് 6.30-ന് മത്സരം തുടങ്ങും.
14 ടൂര്‍ണമെന്റുകളിലായി എട്ട് ഫൈനല്‍ കളിക്കുകയും നാല് കിരീടം നേടുകയും ചെയ്ത ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും നേട്ടം കൈവരിച്ച ടീമാണ്. ഇക്കുറിയും അത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍ യഷ് ദൂലും സംഘവും. പ്രതിസന്ധികളെ വകഞ്ഞുമാറ്റിയായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. കോവിഡ് ബാധിച്ചതിനാല്‍ യഷ് ദൂലിനും വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദിനും മൂന്ന് ലീഗ് മത്സരങ്ങളില്‍ രണ്ടും നഷ്ടമായി. രോഗം ഏറ്റവും അവശനാക്കിയത് ക്യാപ്റ്റനെയാണ്. എന്നാല്‍, തിരിച്ചുവന്ന ദൂല്‍ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യയെ ഫൈനലില്‍ എത്തിച്ചു. സെമിഫൈനലില്‍ ഓസ്ട്രലേയിക്കെതിരേ അതിഗംഭീര സെഞ്ചുറി നേടി. റഷീദും സെമിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ രണ്ടുപേരുടെ പ്രകടനമാവും ഫൈനലില്‍ നിര്‍ണായകമാവുക. സെമിയില്‍ ഫോമിലല്ലാതിരുന്ന ആംഗ്രിഷ് രഘുവംശിയും ഹര്‍നൂര്‍ സിങ്ങും ഫൈനലില്‍ മികച്ച പ്രകടനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
പേസര്‍മാരായ രാജ്വര്ധന് ഹാംഗര്‍ഗേക്കര്‍, രവികുമാര്‍, സ്പിന്നര്‍ വിക്കി ഓസ്വാള്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ഓസ്വാള്‍ ഇതുവരെ 12 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു.
1998-ലാണ് ഇംഗ്ലണ്ടിന്റെ ഏക കിരീടധാരണം. അതിനുശേഷം ഇപ്പോഴാണ് ഫൈനലില്‍ എത്തുന്നത്. 24 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനാവും അവരുടെ ശ്രമം. ഇന്ത്യയെ പോലെ ഇംഗ്ലണ്ടും ഈ ടൂര്‍ണമെന്റില്‍ തോല്‍വിയറിഞ്ഞിട്ടില്ല. ക്യാപ്റ്റന്‍ ടോം പ്രെസ്റ്റിന്റെ തകര്‍പ്പന്‍ ഫോമാണ് അവരുടെ പ്രതീക്ഷ. പ്രെസ്റ്റ് ഇതുവരെ 292 റണ്‍സ് നേടിക്കഴിഞ്ഞു. ഇടംകൈയന്‍ പേസര്‍ ജോഷ്വ ബൊയ്ഡനെ ഇന്ത്യ പേടിക്കേണ്ടിവരും. 9.53 ശരാശരിയില്‍ 13 വിക്കറ്റുകളാണ് ബൊയ്ഡന്‍ ഇതുവരെ വീഴ്ത്തിയത്. റിസ്റ്റ് സ്പിന്നര്‍ റെഹാന് അഹമ്മദും ഇന്ത്യക്ക് ഭീഷണിയാവും.
Content Highlights: U19 World Cup final India eyes 5th title against England
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..