ബ്ലൂംഫോണ്ടെയ്ന്‍: (ദക്ഷിണാഫ്രിക്ക): 50 ഓവര്‍ മത്സരം ജയിക്കാന്‍ ഇന്ത്യയുടെ കൗമാരതാരങ്ങള്‍ക്ക് വേണ്ടിവന്നത് 29 പന്തുകള്‍ മാത്രം! അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ജപ്പാനെ 10 വിക്കറ്റിന് തകര്‍ത്തു, അതും 271 പന്തുകള്‍ ബാക്കിനില്‍ക്കെ.

സ്‌കോര്‍: ജപ്പാന്‍ 22.5 ഓവറില്‍ 41 റണ്‍സിന് പുറത്ത്. ഇന്ത്യ 4.5 ഓവറില്‍ 42.

ഓപ്പണര്‍മാരായ യശസ്വി ജെയ്സ്വാളും (18 പന്തില്‍ 29) കുമാര്‍ കുശാഗ്രയും (11 പന്തില്‍ 13) പുറത്താകാതെനിന്നു. ഇതാദ്യമായാണ് ജപ്പാന്‍ അണ്ടര്‍ 19 ലോകകപ്പിന് യോഗ്യതനേടിയത്. ഇന്ത്യയാകട്ടെ നിലവിലെ കിരീടജേതാക്കളും.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ജപ്പാന്റെ ഇന്നിങ്സിലെ 'ടോപ് സ്‌കോറര്‍' ഇന്ത്യ എറിഞ്ഞ എക്സ്ട്രാസാണ്, 19 റണ്‍സ്. ഇതില്‍ 12 വൈഡും ഏഴു ലൈഗ്ബൈയുമുണ്ട്. ജപ്പാന്റെ ഒരു ബാറ്റ്സ്മാനും 10 റണ്‍സ് തികയ്ക്കാനായില്ല. അഞ്ചുപേര്‍ പൂജ്യത്തിന് പുറത്തായി. ഓപ്പണര്‍ ഷു നോഗുച്ചിയും കെന്റോ ഡോബെല്ലും ഏഴു റണ്‍സ് വീതം എടുത്തു.

ഇന്ത്യയ്ക്കുവേണ്ടി രവി ബിഷ്‌ണോയി എട്ട് ഓവറില്‍ അഞ്ചുറണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ കാര്‍ത്തിക് ത്യാഗി ആറ് ഓവറില്‍ 10 റണ്‍സിന് മൂന്നുവിക്കറ്റെടുത്തു. ആദ്യത്തെ രണ്ട് പന്തുകളിലും വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് രവി ബിഷ്‌ണോയി ബൗളിങ് തുടങ്ങിയത്. ആ ഓവര്‍ മെയ്ഡനായിരുന്നു. എട്ട് ഓവറില്‍ മൂന്നു മെയ്ഡനായി. ബിഷ്‌ണോയി കളിയിലെ താരവുമായി.

ഇന്ത്യ മുന്നില്‍

ലോകകപ്പ് പ്രാഥമിക റൗണ്ടിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ 90 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയതോടെ, നാലുപോയന്റുമായി എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ബി ഗ്രൂപ്പില്‍ വെസ്റ്റിന്‍ഡീസും സി ഗ്രൂപ്പില്‍ ബംഗ്ലാദേശും രണ്ടു വിജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ചൊവ്വാഴ്ച മറ്റൊരു മത്സരങ്ങളില്‍ ബംഗ്ലാദേശ് സ്‌കോട്ലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു.

Content Highlights: U19 WORLD CUP 2020 INDIA THRASH JAPAN BY 10 WICKETS