പോച്ചെഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമിയില്‍ ന്യൂസീലന്‍ഡിനെ ആറു വിക്കറ്റിന് തകര്‍ത്ത ബംഗ്ലാദേശ് കലാശപ്പോരിന് സീറ്റുറപ്പിച്ചു. ഇതാദ്യമായാണ് ബംഗ്ലാദേശ് അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഞായറാഴ്ചയാണ് ഫൈനല്‍.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 44.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ മഹ്മുദുള്‍ ഹസന്റെ ഇന്നിങ്‌സാണ് ബംഗ്ലാദേശിന് തുണയായത്. 

127 പന്തുകള്‍ നേരിട്ട മഹ്മുദുള്‍ 13 ബൗണ്ടറികള്‍ സഹിതം 100 റണ്‍സെടുത്തു. തൗഹിദ് ഹൃദോയ് (40), ഷഹാദത്ത് ഹുസൈന്‍ (40*) എന്നിവര്‍ മഹ്മുദുളിന് മികച്ച പിന്തുണ നല്‍കി. പര്‍വേസ് ഹുസൈന്‍ (14), തന്‍സിദ് ഹസന്‍ (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് യുവനിരയ്ക്ക് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആറാമതായി ബാറ്റിങ്ങിനിറങ്ങി 83 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം പുറത്താകാതെ 75 റണ്‍സെടുത്ത ബെക്കാം വീലര്‍ ഗ്രീനാളിന്റെ ഇന്നിങ്‌സാണ് കിവീസിനെ 200 കടത്തിയത്. 44 റണ്‍സെടുത്ത നിക്കോളാസ് ലിഡ്‌സ്‌റ്റോണ്‍ മാത്രമാണ് പിന്നീട് കിവീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഒരു താരം. 

ബംഗ്ലാദേശിനായി ഷോറിഫുള്‍ ഇസ്ലാം മൂന്നും ഷമിം ഹുസൈനും ഹസന്‍ മുറാദും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: U19 World Cup 2020 Bangladesh beat New Zealand, to meet India in maiden final