മുംബൈ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങേണ്ടി വന്നെങ്കിലും ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാളായിരുന്നു.

ലോകകപ്പില്‍ കളിച്ച ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 133.33 ശരാശരിയില്‍ 400 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ചുറിയും പാകിസ്താനെതിരായ സെമിയിലെ സെഞ്ചുറിയുമടക്കമായിരുന്നു ഈ നേട്ടം. 

ഈ ലോകകപ്പിലെ ആറ് ഇന്നിങ്സുകളില്‍ അഞ്ചിലും യശസ്വി 50-ന് മുകളില്‍ സ്‌കോര്‍ ചെയ്തു. അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു പതിപ്പില്‍ അഞ്ചോ അതിലധികമോ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ താരവും യശസ്വിയാണ്. 

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റ് കഴിഞ്ഞ നാട്ടിലെത്തി ലഗേജ് പരിശോധിച്ച ജയ്‌സ്വാള്‍ കണ്ടത് തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ട്രോഫി രണ്ടായി മുറിഞ്ഞിരിക്കുന്നതാണ്. എക്കാലും നിധി പോലെ കാത്തുസൂക്ഷിക്കേണ്ട ട്രോഫി രണ്ടായി മുറിഞ്ഞത് പക്ഷേ ജയ്‌സ്വാളിനെ അസ്വസ്ഥനാക്കിയിട്ടൊന്നും ഇല്ലെന്ന് താരത്തിന്റെ കോച്ച് പറഞ്ഞു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ മഖായ എന്‍ടിനിയാണ് ജയ്‌സ്വാളിന് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം സമ്മാനിച്ചത്.

Content Highlights: U19 star Yashasvi Jaiswal’s man of the tournament trophy breaks into two pieces