ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനും കിരീടത്തിനുമിടയില്‍ ഇനി ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമാണുള്ളത്. ഇന്ത്യ കിരീടം നേടിയാല്‍ 2015 മുതല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനായെത്തിയ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ ക്രിക്കറ്റ് കരിയറിലെ ഓര്‍മിക്കപ്പെടുന്ന ഒരു ദിനം കൂടിയാകും അത്‌. രണ്ടു വര്‍ഷത്തെ മുന്നൊരുക്കത്തില്‍ യുവതാരങ്ങളെ ഒത്തിണക്കത്തോടെ കൊണ്ടുപോയതില്‍ ദ്രാവിഡിന്റെ പങ്ക് വലുതാണ്.

പരിശീലകനായും മെന്ററായും ദ്രാവിഡിനെപ്പോലൊരു താരത്തെ കിട്ടയിതില്‍ കൂടുതലൊന്നും തങ്ങളും ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ യുവനിര പറയുന്നു. സെമിഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ 203 റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി പ്രകടനത്തോടും ഇഷാന്‍ പൊരേലിന്റെ ബൗളിങ് പ്രകടനത്തോടുമൊപ്പം ആരാധകര്‍ ദ്രാവിഡിന്റെ പരിശീലനമികവിനെയും വാഴ്ത്തി.

ഗ്രൗണ്ടില്‍ അധികം ബഹളമുണ്ടാക്കാതെ ശാന്തമായി എങ്ങനെ വിജയിക്കാമെന്ന് ദ്രാവിഡിനെ കണ്ടു പഠിക്കണം എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇപ്പോഴും സംരക്ഷിക്കുന്ന വന്‍മതിലാണ് ദ്രാവിഡെന്നും ആരാധകര്‍ പറയുന്നു. 

2016-ല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഫൈനലിലെത്തിയിരുന്ന ഇന്ത്യ, വിന്‍ഡീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇത്തവണ ആ തെറ്റ് ആവര്‍ത്തിക്കാന്‍ ദ്രാവിഡ് ബോയ്‌സ് ഒരുക്കമല്ല. വന്‍മതിലിന് വിജയം തന്നെ സമ്മാനിക്കാനുറച്ചാണ് ശനിയാഴ്ച്ച ഓസ്‌ട്രേലിയക്കെതിരെ കളത്തിലിറങ്ങുന്നത്.

ഓസ്‌ട്രേലിയയും ഇന്ത്യയും മൂന്നു തവണ അണ്ടര്‍-19 ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയെ ഫൈനലില്‍ തോല്‍പ്പിച്ച് 2012ലാണ് ഇന്ത്യ അവസാനം വിജയികളായത്. ന്യീസിലാന്‍ഡില്‍ അഞ്ച് മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും വിജയിച്ച ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനെ 100 റണ്‍സിന് പരാജയപ്പെടുത്തുകയും ചെയ്തു. ഇത് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. 

Content Highlights: U-19 Cricket World Cup Rahul Dravid Indian Team Coach