ധാക്ക: അവസാനംവരെ ആവേശം നീണ്ട മത്സരത്തില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക- അഫ്ഗാനിസ്താന്‍ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ എതിരാളിയാകും. ഞായറാഴ്ചയാണ് ഫൈനല്‍.

മൂന്നു വിക്കറ്റെടുത്ത ഇന്ത്യയുടെ മോഹിത് ജാന്‍ഗ്രയാണ് കളിയിലെ താരം. സ്‌കോര്‍: ഇന്ത്യ 49.3 ഓവറില്‍ 172-ന് പുറത്ത്; ബംഗ്ലാദേശ് 46.2 ഓവറില്‍ 170-ന് പുറത്ത്.

ടോസ് ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സിമ്രാന്‍ സിങ് ബാറ്റിങ് തിരഞ്ഞെടുത്തു. മലയാളിയായ ഓപ്പണര്‍ ദേവദത്ത് പടിക്കലിനെ (1) ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ യശസ്വി ജയ്സ്വാളും (37) അനുജ് റാവത്തും (35) ചേര്‍ന്ന് സ്‌കോറുയര്‍ത്തി. ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി. ഒന്നിന് 68 റണ്‍സ് എന്ന നിലയില്‍നിന്ന് ഇന്ത്യ അഞ്ചിന് 77 എന്ന നിലയില്‍ തകര്‍ന്നു. ആറാം വിക്കറ്റില്‍ ആയുശ് ബഡോനി (28) സമീര്‍ ചൗധരി (36) കൂട്ടുകെട്ട് ഇന്ത്യയെ പൊരുതാവുന്ന ടോട്ടലിലേക്കെത്തിച്ചു.

173 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിനെ തുടക്കത്തിലേ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. 65 റണ്‍സെടുക്കുമ്പോഴേക്കും അഞ്ചു മുന്‍നിര ബാറ്റ്സ്മാന്‍മാരെ മടക്കി. ആറാം വിക്കറ്റില്‍ ഷമീം ഹൊസയ്നും (59) അക്ബര്‍ അലിയും (45) ചേര്‍ന്ന് 74 റണ്‍സ് ചേര്‍ത്ത് ബംഗ്ലാദേശിന് ജയപ്രതീക്ഷ നല്‍കി.

എന്നാല്‍ ഇരുവരും പുറത്തായതോടെ ബംഗ്ലാദേശ് തകര്‍ന്നു. ഒമ്പതോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്താണ് ജാന്‍ഗ്ര മൂന്നുവിക്കറ്റെടുത്തത്. പത്തോവര്‍ എറിഞ്ഞ സിദ്ധാര്‍ഥ് ദേശായി 35 റണ്‍സിന് മൂന്നുവിക്കറ്റെടുത്തു. ഹര്‍ഷ് ത്യാഗിക്ക് രണ്ടുവിക്കറ്റുണ്ട്.

Content Highlights: U-19 Asia Cup semi final India beats Bangladesh