കൊളംബോ: അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ചുറണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഏഷ്യന്‍ കിരീടം നിലനിര്‍ത്തിയത്. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 106 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും ബൗളിങ് മികവില്‍ ബംഗ്ലാദേശിനെ പിടിച്ചുകെട്ടുകയായിരുന്നു. 

സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ- 32.4 ഓവറില്‍ 106 റണ്‍സിന് എല്ലാവരും പുറത്ത്. 
ബംഗ്ലാദേശ്- 33 ഓവറില്‍ 101 റണ്‍സിന് എല്ലാവരും പുറത്ത്. 

28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അങ്കോലേക്കറാണ് ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കിയത്. ആകാശ് മൂന്നുവിക്കറ്റും പാട്ടീല്‍, മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. 23 റണ്‍സ് നേടിയ അക്ബര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 106 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 37 റണ്‍സെടുത്ത കരണ്‍ ലാലാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷമീം ഹുസൈനും മൃതുഞ്ജയ് ചൗധരിയുമാണ് ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. എട്ടു റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തും മുമ്പ് ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ധ്രുവ് ജ്യൂറെലും ശാശ്വത് റാവതും ചേര്‍ന്ന് 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 റണ്‍സെടുത്ത ശാശ്വതിനെ പുറത്താക്കി ഷമീം ഹുസൈന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യയുടെ വിക്കറ്റ് വീണു.

ക്യാപ്റ്റന്‍ ധ്രുവ് 33 റണ്‍സെടുത്ത് പുറത്തായി. 57 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഈ ഇന്നിങ്‌സ്. ഇന്ത്യയുടെ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ആകെ ഏഴ് ഫോറും രണ്ട് സിക്‌സും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്.

ആറ് ഓവര്‍ എറിഞ്ഞ് എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷമീം ഹുസൈന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. മൃത്യുഞ്ജയ് 7.4 ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷാഹിന്‍ ആലമും തന്‍സീം ഹസ്സന്‍ സാക്കിബും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: U-19 Asia Cup Cricket Final India vs Bangladesh