ക്രൈസ്റ്റ്ചര്‍ച്ച്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് കൂറ്റന്‍ ലീഡ്. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 126 റണ്‍സിന് പുറത്താക്കിയ ന്യൂസീലന്‍ഡ് 395 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെ ബൗളിങ്ങിന് മുന്നില്‍ ബംഗ്ലാദേശ് തകരുകയായിരുന്നു.

യാസിര്‍ അലി (55), നൂറുല്‍ ഹസ്സന്‍ (41) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഷദ്മാന്‍ ഇസ്ലാം (7), മുഹമ്മദ് നയീം(0), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (4), മോമിനുല്‍ ഹഖ് (0), ലിറ്റണ്‍ ദാസ് (8), മെഹ്ദി ഹസ്സന്‍ (5), തസ്‌കിന്‍ അഹമ്മദ് (2), ശരീഫുല്‍ ഇസ്ലാം (2) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ബോള്‍ട്ടിന് പുറമേ ടിം സൗത്തി മൂന്നു വിക്കറ്റും കെയ്ല്‍ ജമെയ്‌സണ്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇരട്ട സെഞ്ചുറി കണ്ടെത്തിയ ടോം ലാഥത്തിന്റേയും സെഞ്ചുറി നേടിയ ദേവന്‍ കോണ്‍വേയും ബാറ്റിങ് മികവില്‍ ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 521 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടോം ലാഥം 252 റണ്‍സെടുത്തപ്പോള്‍ കോണ്‍വേ 109 റണ്‍സ് നേടി. വില്‍ യങ് 54 റണ്‍സും ടോം ബ്ലന്‍ഡല്‍ 57 റണ്‍സും അടിച്ചെടുത്തു. 

ബംഗ്ലാദേശ് ഫോളോ ഓണ്‍ വഴങ്ങിയെങ്കിലും വീണ്ടും ബാറ്റിങ്ങിന് അയക്കാന്‍ സാധ്യത കുറവാണ്. കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്‌ലര്‍ക്ക് ബാറ്റു ചെയ്യാന്‍ രണ്ടാം ഇന്നിങ്‌സിലും അവസരമൊരുക്കാനാകും ന്യൂസീലന്‍ഡിന്റെ ശ്രമം. ആദ്യ ഇന്നിങ്‌സില്‍ ടെയ്‌ലര്‍ 28 റണ്‍സ് നേടിയിരുന്നു. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ചിരുന്നു. 

Content Highlights: Trent Boult’s 5 wicket haul leads New Zealand in bowling Bangladesh out for 126 on Day 2