ഹാമില്‍ട്ടന്‍: തകര്‍പ്പന്‍ ക്യാച്ചുമായി ന്യുസീലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ട്. വിന്‍ഡീസിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു ബൗള്‍ട്ടിന്റെ സൂപ്പര്‍ പ്രകടനം. തന്റെ പന്തില്‍ തന്നെ റിട്ടേണ്‍ വന്ന ഷോട്ട് പറന്ന് കൈപ്പിടിയിലൊതുക്കുകയായിരുന്നു കിവീസ് താരം.

വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സിലെ 13-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. വിന്‍ഡീസിന്റെ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറുടെ ഷോട്ടിലായിരുന്നു ബൗള്‍ട്ടിന്റെ റിട്ടേണ്‍ ക്യാച്ച്. വായുവില്‍ ഉയര്‍ന്നുപൊങ്ങി ഒറ്റക്കൈ കൊണ്ട് ബൗള്‍ട്ട് പന്ത് കൈപ്പിടിയിലൊതുക്കി. 

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഐ.പി.എല്ലിനിടയിലും ബൗള്‍ട്ടിന്റെ മികച്ച ഫീല്‍ഡിങ്ങിന് ആരാധകര്‍ സാക്ഷിയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ലയണ്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഈ ഫീല്‍ഡിങ്.